
വയനാട് : വെറ്റിനറി സർവകലാശാല കാമ്പസിൽ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ സാഹചര്യത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രജിസ്റ്റർ ചെയ്ത സമാന കേസുകളിലെ നടപടികൾ നിർത്തിവച്ചു.
സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ രജിസ്റ്റർ ചെയ്ത കേസുകളിലെ നടപടികളാണ് ജുഡീഷ്യൽ അംഗം അംഗം കെ. ബൈജുനാഥ് നിർത്തിവച്ചത്. സന്ദീപ് വചസ്പതി ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതിയിൽ സിദ്ധാർത്ഥന്റെ ഉറ്റബന്ധുക്കൾക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിടാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ അറിയിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന്റെ പകർപ്പ് ദേശീയ കമ്മീഷൻ സംസ്ഥാന കമ്മീഷന് കൈമാറി. ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മീഷൻ നടപടികൾ നിർത്തിവച്ചത്.




