KERALAlocaltop newsVIRAL

കളക്ടറേറ്റിലെ നിയമന തട്ടിപ്പ്: അഞ്ച് വനിതാ ക്ലർക്ക് കം ടൈപ്പിസ്റ്റുകൾ കണ്ണീരോടെ പുറത്തേക്ക്; തട്ടിപ്പുകാരെ ” തൊടാൻ ” ഭയന്ന് ജില്ലാ ഭരണകൂടം

കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിലെ നിയമന തട്ടിപ്പിൻ്റെ ഇരകളായി ഒന്നര വർഷം സർക്കാർ ജോലി ചെയ്ത അഞ്ച് വനിതാ ക്ലർക്ക് കം ടൈപ്പിസ്റ്റുമാർ കണ്ണീരോടെ പുറത്തുപോകുമ്പോൾ ഇതിന് കാരണക്കാരായ ഭരണപക്ഷ യൂനിയൻ നേതാവിനോ , തട്ടിപ്പ് ചെയ്യിച്ച യൂനിയൻ നേതൃത്വത്തിനോ എതിരേ ഒരു നടപടിയുമില്ല. സ്വന്തക്കാരായ ആരെയോ നിയമിക്കാൻ നേതാക്കൾ അറിഞ്ഞു കൊണ്ട് നടത്തിയ തട്ടിപ്പാണെന്ന് വ്യക്തമായിട്ടും നടപടിയെടുക്കാൻ ജില്ലാ കളക്ടർക്ക് കഴിയുന്നില്ല. പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയാൽ അവർ കെതിരെ ” കാപിറ്റൽ പണിഷ്മെൻ്റ്” നടത്തുന്നതാണ് കീഴ്‌വഴക്കമെങ്കിലും ഭരണവർഗ സംഘടിത ശക്തിയെ ഭയക്കുന്ന ജില്ലാ കളക്ടർ നിസഹായനായി മാറിയിരിക്കയാണ്.                ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ ആദ്യം നിയമനം ലഭിച്ച അഞ്ച് പേരെ അഞ്ച് വർഷം കഴിഞ്ഞേ പ്രമോട്ട് ചെയ്യാവൂ എന്ന ചട്ടം മറികടന്ന് ആറുമാസം കൊണ്ട് ക്ലർക്കായി പ്രമോട്ട് ചെയ്തതും, ഇതോടെ ഒഴിവുവന്ന ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ ഒന്നര വർഷം മുൻപ് അഞ്ച് പേരെ പി എസ് സിയെ കബളിപ്പിച്ച് അന്യായമായ നിയമിച്ചതും ക്ലറിക്കൽ തകരാറല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.      ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ ജോലിക്ക് കയറി ആറ് മാസം കൊണ്ട് അനർഹമായി ക്ലർക്ക് തസ്തികയിൽ സ്ഥാനക്കയറ്റം ലഭിച്ച എസ് ദേവസർഗ, എം. വൈഷ്ണ, വി.പി ശ്രീജിന, പി.ആർ. ധന്യ ( നാല് പേരും കോഴിക്കോട് കളക്ടറേറ്റ്), എൻ. സമീന ( മുക്കം കക്കാട് വില്ലേജ് ഓഫീസ് ) എന്നിവരെ പഴയ ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അടിയന്തിരമായി തരംതാഴ്ത്താനാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻ്റെ ഉത്തരവ്. ട്രിബ്യൂണലിൽ പരാതി നൽകിയ അഞ്ച് പേരെ ഇവർ ജോലി ചെയ്തു വന്ന ക്ലർക്ക് തസ്തികയിൽ നിയമിക്കാനും ഉത്തരവ് വ്യക്തമാക്കുന്നു. ഇതനുസരിച്ച് അഞ്ജു വിജയൻ, പി.എം. പ്രജേഷ് , പി. സിനി പ്രഭ, സി.വി രജിത, ഇ.ശർമിത് എന്നിവർക്കാണ് ട്രിബ്യൂണൽ വിധിപ്രകാരം ക്ലർക്ക് തസ്തികയിൽ പുതുതായി ജോലി ലഭിക്കുക. അന്യായമായി ഒന്നര വർഷം മുൻപ് എസ്. ദേവസർഗ തുടങ്ങി അഞ്ച് പേരെ ക്ലാർക്കായി പ്രമോട്ട് ചെയ്തപ്പോൾ ഒഴിവുവന്ന ക്ലർക്ക് കം ടൈപ്പിസ്റ്റ് തസ്തികയിൽ നിയമിക്കപ്പെട്ട അഞ്ച് വനിതകളാണ് സർവ്വീസിൽ നിന്ന് കണ്ണീരോടെ പടിയിറങ്ങുന്നത്. റാങ്ക് ലിസ്റ്റിൻ്റെ കാലാവധി കഴിഞ്ഞ ജൂലൈ 31 ന് കഴിഞ്ഞതിനാൽ ഇവർക്കിനി സർക്കാർ ജോലി ലഭിക്കില്ല. ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന ജില്ലാ ഭരണകൂടത്തിൻ്റെ നിലപാട് മറ്റൊരു തട്ടിപ്പാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അഡ്മിനിസ്ട്രറ്റീവ് ട്രിബ്യൂണലിൻ്റെ വിധിയെ മറികടക്കാൻ ജില്ലാ ഭരണകൂടത്തിന് ഒരു അധികാരവും ഇല്ലെന്നിരിക്കെ, ജോലി നഷ്ടപ്പെട്ട അഞ്ച് വനിതകളെ ആശ്വസിപ്പിക്കാൻ ചിലർ മെനഞ്ഞ കഥയാണത്രെ “അപ്പീൽ “.                                          പി എസ് സിയിൽ നിന്ന് ആരോഗ്യം, പഞ്ചായത്ത്, കോർപറേഷൻ തുടങ്ങി എല്ലാ സർക്കാർ വകുപ്പുകളിലും നിയമിക്കപ്പെടുന്ന ക്ലർക്ക് കംടൈപ്പിസ്റ്റുമാർക്ക് അഞ്ച് വർഷത്തിന് ശേഷമെ ക്ലർക്കായി പ്രമോഷൻ ലഭിക്കൂ എന്നിരിക്കെ റവന്യു വകുപ്പിൽ നടന്ന തട്ടിപ്പ് അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിന് മുൻപും സമാന തട്ടിപ്പ് കളക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്നതായി സംശയിക്കുന്നു. തട്ടിപ്പു നടത്തിയത് എത്ര ഉന്നതരായാലും അവർക്കെതിരെ നടപടിയെടുക്കേണ്ട ജില്ലാ കളക്ടറും എഡിഎമ്മും ഒട്ടകപക്ഷിയെ പോലെ തല പൂഴ്ത്തി വച്ചിരിക്കയാണെന്ന വിമർശവും ഉയരുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close