KERALAlocaltop newsVIRAL

കളക്ടറേറ്റ് നിയമന തട്ടിപ്പ്: മന്ത്രി ഇടപെട്ടതോടെ ഫയൽ പൂഴ്ത്തി ക്ലർക്ക് ചികിത്സാ അവധിയിൽ

* പിൻവാതിൽ നിയമനം സ്ഥിരപ്പെടുത്താനും നീക്കം

കോഴിക്കോട് : കോഴിക്കോട് കളക്ടറേറ്റിൽ സർക്കാർ ചട്ടം മറികടന്ന് അഞ്ച് ക്ലർക്ക് കം ടൈപ്പിസ്റ്റുമാരെ ഉയർന്ന തസ്തികയിൽ നിയമിച്ച് അട്ടിമറി നടത്തിയ സംഭവത്തിൽ ബന്ധപ്പെട്ട സെക്ഷനിലെ ഫയൽ പൂഴ്ത്തി. അട്ടിമറിക്ക് പിന്നിൽ വൻ സാമ്പത്തിക ഇടപാട് നടന്നതായി സി പി ഐ തൊഴിലാളി സംഘടനയായ ജോയിൻ്റ് കൗൺസില ടക്കം ആരോപിച്ചതിനെ തുടർന്ന് റവന്യു മന്ത്രി കെ. രാജൻ അടിയന്തിരമായി ബന്ധപ്പെട്ട ഫയൽ വിളിപ്പിച്ചിരുന്നു. ഇതോടെ A 4 സെക്ഷനിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ചികിത്സാ അവധിയിൽ പ്രവേശിച്ചു. മൂത്രാശയ സംബന്ധമായ ഓപറേഷന് വേണ്ടിയാണത്രെ അവധിയെടുത്തിരിക്കുന്നത്.      A4 സെക്ഷൻ അടക്കം കേന്ദ്രീകരിച്ച് നൂറോളം തസ്തിക മാറ്റ അട്ടിമറി നടന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് ഫയൽ പൂഴ്ത്തലും , അവധിയിൽ പ്രവേശനവും. ഇതിനിടെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻ്റെ നടപടി വച്ചു താമസിപ്പിച്ച് , പുറത്താകേണ്ട അഞ്ച് പുതിയ ക്ലർക്ക് കം ടൈപ്പിസ്റ്റുമാരെ രക്ഷിക്കാൻ രാഷ്ട്രീയ നീക്കം തുടങ്ങി. ട്രിബ്യൂണലിൽ പരാതി നൽകിയ അഞ്ജു വിജയൻ, പി.എം. പ്രജേഷ്, പി. സിനി പ്രഭ, സി.വി രജിത, ഇ.ശർമിത് എന്നിവർക്കാണ് ട്രിബ്യൂണൽ വിധിപ്രകാരം ക്ലർക്ക് തസ്തികയിൽ പുതുതായി ജോലി ലഭിക്കുക. പി.എസ് സി യിലേക്ക് റിപ്പോർട്ട് ചെയ്തെങ്കിലും നിയമപ്രകാരം നിയമന ഉത്തരവ് നൽകാൻ ആറ് മാസം വരെ സമയമുണ്ട്. ഈ സമയത്തിനിടെ ഏതെങ്കിലും സെക്ഷനിൽ അഞ്ച് ക്ലർക്ക് തസ്തിക ഒഴിവു വരുമെന്നും ആ തസ്തികയിൽ ഇവരെ നിയമിക്കാമെന്നാണത്രെ യുനിയൻ്റെ കണക്കുകൂട്ടൽ. നടപടി വൈകിയാൽ നിയമന ഉത്തരവ് പ്രതീക്ഷിച്ചിരിക്കുന്ന അഞ്ച് പേരുടെ അവസരം ഇല്ലാതായേക്കും. അഞ്ചിൽ നാലുപേരും 40 വയസിന് മുകളിലുള്ളവരാണ്. തുണിക്കടകളിലും, മെഡിക്കൽ ഷാപ്പുകളിലും തുഛ വേതനത്തിന് ജോലി ചെയ്ത് വരും ഇതിലുണ്ട്. തങ്ങൾക്ക് നിയമപ്രകാരം ലഭിക്കേണ്ട ജോലി അട്ടിമറിയപ്പെട്ടതറിഞ്ഞ് ഗതികെട്ടാണ് ഈ അഞ്ചു പേരും ട്രിബ്യൂണലിനെ സമീപിച്ചത്. റവന്യു വകുപ്പ് സി പി ഐയുടേതാണെങ്കിലും ഓഫീസുകൾ ഭരിക്കുന്നത് സി പി എം തൊഴിലാളി സംഘടനയായ എൻജിഒ യൂനിയനാണെന്ന ആരോപണവുമുണ്ട്. താക്കോൽ തസ്തികകളിൽ ജോലി ചെയ്യുന്നത് അട്ടിമറി നടത്താനാണെന്നും പറയുന്നു. കളക്ടറേറ്റിലെ നിയമന തട്ടിപ്പ് നടത്തിയ A4 വിഭാഗം സീനിയർ ക്ലർക്ക് എൻജിഒ യൂനിയൻ അംഗമാണ്. അട്ടിമറിക്ക് കൂട്ടു നിന്ന ജില്ലാ കളക്ടർ, എ ഡി എം എന്നിവർ പറയുന്നിടത്ത് ഒപ്പിടുന്ന വെറും നോക്കുകുത്തികളായി മാറിയതാണ് അട്ടിമറി വിപുലപ്പെടാൻ കാരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close