
എറണാകുളം :
കേരളത്തിൻ്റെ മുൻമുഖ്യമന്ത്രിയായിരുന്ന
ഉമ്മൻ ചാണ്ടിയുടെ പേരെഴുതിയ ശിലാഫലകം എടുത്തു മാറ്റിയത്(18-07-2025) കേരളത്തിൽ വലിയ വിവാദമായിരുന്നു. കണ്ണൂരിലുള്ള പയ്യാമ്പലത്താണ് അത് നടന്നത്. പാർട്ടി അനുയായികളുടെയും പൊതു സമൂഹത്തിൻ്റെയും ശക്തമായ പ്രതിഷേധമുണ്ടായി. കോൺഗ്രസ്സ് പ്രവർത്തകർ അവിടെത്തന്നെ അത് പുനസ്ഥാപിച്ചു. ശിലാഫലകം മാറ്റിയ ഉദ്യോഗസ്ഥരുടെ നടപടിയെ വിമർശിച്ച് പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വന്നത് ഒരു നല്ല സൂചനയായി.
ശിലാഫലകങ്ങൾ ചരിത്രത്തിൻ്റെ ഏടുകളെന്ന നിലയ്ക്ക് മനുഷ്യവംശത്തിൻ്റെ പൊതുസ്വത്താണ്. പൊതുവേ എല്ലാ ഏകാധിപതികളും അധിനിവേശക്കാരും ഫാസിസ്റ്റ് മനസ്സുള്ളവരും ആദ്യം കൈവയ്ക്കുന്നത് ആ ദേശത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന നിർമ്മിതികളിലാണ്. അത് ഗ്രന്ഥശാലകളാകാം, ആരാധനാലയങ്ങളോ കെട്ടിടങ്ങളോ ആവാം; പ്രതിമകളോ ശിലാഫലകങ്ങളോ ആവാം. പുരാതന- മധ്യകാലഘട്ടത്തിലെന്ന പോലെ ഈ ആധുനിക കാലത്തും നിർബാധം തുടരുന്ന കുറ്റകൃത്യമാണിത്.
ഇന്നത്തെ ഇന്ത്യയിൽ ഈ അതിക്രമം ഏറ്റവും അധികം നടക്കുന്നത് വിദ്യാഭ്യാസ രംഗത്താണ് , വിശേഷിച്ചും ചരിത്രപാഠപുസ്തകങ്ങളിൽ. ഗാന്ധിജിയെയും നെഹ്റുവിനെയും ചരിത്രത്തിൻ്റെ സ്മരണകളിൽ നിന്നും ഡിലീറ്റ് ചെയ്യാനുള്ള ബോധപൂർവ്വകമായ ചില ഇടപെടലുകൾ നടക്കുന്നുണ്ട്.
*കേരള കത്തോലിക്കാ സഭയിലെ ബൈബിൾ കമ്മിഷനിലും ഇത്തരം ചില കൃത്യങ്ങൾ നടക്കുന്നുണ്ട് എന്ന് തോന്നുന്നു.*
കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ കീഴിലുള്ള പി.ഒ.സി. യിൽ നിന്നും കെ.സി.ബി.സി. ബൈബിൾ കമ്മിഷൻ ഈ അടുത്ത കാലത്ത് സമ്പൂർണ്ണ ബൈബിളിൻ്റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കി.
വളരെ നല്ല കാര്യം!!! അഭിനന്ദനങ്ങൾ!!!
എന്നാൽ അതിൻ്റെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്
1981 ലാണ്. ഇന്നത്തെ ആധുനിക സൗകര്യങ്ങൾ തീർത്തും അന്യമായിരുന്ന അക്കാലത്ത് എത്ര ത്യാഗങ്ങൾ സഹിച്ചായിരിക്കും അന്നത്തെ എഡിറ്റോറിയൽ ബോർഡ് ആ ദൗത്യം പൂർത്തിയാക്കിയത്? ചുവർ നിർമ്മിച്ച് അതിൽ ചിത്രം വരച്ചവരാണവർ !!! അവരുടെ അധ്വാനവും കഷ്ടപ്പാടുകളും ഒരിക്കലും അവഗണിക്കാൻ പാടുള്ളല്ല.
എന്നാൽ പരിഷ്കരിച്ച പതിപ്പിൻ്റെ പ്രസ്താവനയിൽ ഒരിടത്തും 1981 ലെ എഡിറ്റോറിയൽ ബോർഡിനെപ്പറ്റിയോ അതിലെ അംഗങ്ങളെക്കുറിച്ചോ ഒന്നും സൂചിപ്പിച്ചിട്ടില്ല. മറ്റു പല ബൈബിൾ വിവർത്തനങ്ങളെപ്പറ്റി സൂചിപ്പിച്ചിട്ടുമുണ്ട്.
ആദ്യ എഡിറ്റോറിയൽ ബോർഡിനെ തീർത്തും അവഗണിച്ചത് നന്ദികേട് എന്നതിനേക്കാൾ ശിലാഫലകങ്ങൾ എടുത്തുമാറ്റുക എന്നതിന് തുല്യമായ കുറ്റകൃത്യം കൂടിയാണ്. ഉത്തരവാദിത്വപ്പെട്ടവർ അടിയന്തിരമായി ഈ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കാം.
ആദ്യ എഡിറ്റോറിയൽ ബോർഡിനെക്കൂടി പരിഷ്കരിച്ച ബൈബിൾ പതിപ്പിൽ ഉൾപ്പെടുത്താൻ ഒരു പേജിൻ്റെ ചെലവേയുള്ളു. എന്നാൽ ഒരായിരം പേജിൻ്റെ മൂല്യമാണ് അതുവഴി കൈവരുന്നത്.
*അതല്ലേ ശരിയായ സുവിശേഷ പ്രവൃത്തി* ?
ഫാ. അജി പുതിയാപറമ്പിൽ
07-08-2025



