കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിന് കല്യാണം, മരണം, വീട് പാലുകാച്ചല്‍ തുടങ്ങിയ സ്വകാര്യ ചടങ്ങുകള്‍ പ്രധാന സ്രോതസ്സായി മാറുന്നു. ഇത് നിയന്ത്രിക്കാന്‍ ജില്ലാ ഭരണ കൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിവിധ നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.
ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ താഴെ പറയുന്ന 12 നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കോഴിക്കോ ജില്ലാ ഭരണകൂടം അറിയിച്ചു.
1. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ഒരു കാരണവശാലും പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ വരുന്നില്ല എന്ന് ഉറപ്പാക്കണം.
2. കോറന്റയിനില്‍ നില്‍ക്കുന്നവര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
3. രോഗ ലക്ഷണമുള്ളവര്‍ ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണം.
4. സ്ഥിരമായി ദീര്‍ഘദൂരം യാത്ര ചെയ്യുന്നവര്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പണിയെടുക്കാന്‍ പോകുന്നവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടതാണ്.
5. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉളളവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും പരമാവധി മാറി നില്‍ക്കേണ്ടതാണ്.
6. പ്രായമായവര്‍, മറ്റ് രോഗമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ഇത്തരം ചടങ്ങുകളില്‍ നിന്നും മാറി നില്‍ക്കേണ്ടതാണ്.
7. ചടങ്ങില്‍ വരുന്നവരുടെ പട്ടിക ബന്ധപ്പെട്ട ഗൃഹനാഥന്‍ തയ്യാറാക്കി സൂക്ഷിച്ചു വെയ്‌ക്കേണ്ടതാണ്.
8. ചടങ്ങ് സംബന്ധിച്ചും പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ചും പ്രാദേശിക ആര്‍ ആര്‍ ടി യെ അറിയിക്കേണ്ടതാണ്.
9. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ചുരുങ്ങിയ സമയം കൊണ്ട് ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചു പോകേണ്ടതാണ്.
10. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഏതെങ്കിലും രോഗലക്ഷണമുണ്ടെങ്കില്‍ അത് അടിയന്തരമായി പ്രാദേശിക ആര്‍ ആര്‍ ടി യെയോ ആരോഗ്യ സ്ഥാപനത്തിനെയോ അറിയിക്കേണ്ടതും ചടങ്ങില്‍പങ്കെടുത്തവരെല്ലാം അടിയന്തരമായി കോറന്റയിനില്‍ പോകേണ്ടതുമാണ്.
11. ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ക്രമീകരിക്കേണ്ടതാണ്.
12. ഭക്ഷണം പ്രത്യേകം ക്രമീകരണം ചെയ്യുക. ഭക്ഷണം കഴിക്കുമ്പോള്‍ മാസ്‌ക് മാറ്റിവെക്കാനും അടുത്തടുത്ത് ഇരിക്കാനും സാധ്യതയുണ്ട്. പരമാവധി ഭക്ഷണം ഒഴിവാക്കാനോ ലഘൂകരിക്കാനോ ശ്രമിക്കുക. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന സാഹചര്യം ഒഴിവാക്കുകയും വേണം.