
അരീക്കോട് : ഗർഭിണിയായ ഭാര്യയ്ക്കും നാലു വയസുകാരി കുട്ടിക്കും പ്രതിരോധ കുത്തിവയ്പ് നടത്തിയ ആരോഗ്യ പ്രവർത്തകരെ അക്രമിച്ച് കേസിൽ ഭർത്താവിനെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കാവനൂർ പെരിങ്ങോട് ചീരക്കുഴിമ്മൽ നരിക്കോടൻ ഉണ്ണിമോയിൻ്റെ മകൻ അബ്ദുൾ സത്താർ നരിക്കോടനെ, (32) യാണ് ഗവ. ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറുടെ പരാതി പ്രകാരം അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തത് . തൃപ്പനച്ചി ഹെൽത്ത് സെൻ്ററിലെ അസി. സർജൻ ഡോ. സെബ നൗറിനാണ് പരാതി നൽകിയത്. കഴിഞ്ഞ 18 ന് പ്രതിരോധ കുത്തിവയ്പ് ദിനത്തോടനുബന്ധിച്ച് പൂച്ചേങ്ങലിലെ ഒരു വീട്ടിൽ നടത്തിയ കുത്തിവയ്പ് ക്യാംപിൽ അബ്ദുൾ സത്താറിൻ്റെ ഗർഭിണിയായ ഭാര്യ നഹ് ല ഷെറിൻ, മകൾ നാലു വയസുകാരി നഹ് ല ഇഷാൽ എന്നിവർ സ്വന്തം ഇഷ്ടപ്രകാരം കുത്തിവയ്പ് എടുത്തിരുന്നു. ഒരു മണിക്കൂറിനകം ക്യാംപിൽ അതിക്രമച്ച് കടന്ന് ഭീഷണി മുഴക്കിയ സത്താർ സാധന സാമഗ്രികൾ നശിപ്പിച്ച് അസഭ്യം പറഞ്ഞ് കൈയേറ്റം നടത്തി എന്നാണ് പരാതി. പ്രതിരോധ കുത്തിവയ്പിനെതിരെ പ്രസംഗിക്കുകയും എതിർക്കുകയും ചെയ്യുന്ന ഒരു വിഭാഗം ജില്ലയിൽ സജീവമാണ്. അറസ്റ്റിലായ അബ്ദുൾ സത്താറിനെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.




