KERALAOthersPoliticstop news

ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ കാണേണ്ടതില്ല, വേറെ മരുന്നുണ്ട് ; യുവതിയുമായുള്ള രാഹുലിന്റെ ചാറ്റ് വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയുമായി രാഹുല്‍ നടത്തിയ വാട്ട്സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉള്‍പ്പെടെ യുവതിയോട് രാഹുല്‍ പറയുന്നുണ്ട്. അമിത രക്തസ്രാവവും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് യുവതി പറഞ്ഞപ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തില്‍ തന്നെയാണ് എന്നാണ് രാഹുല്‍ പറഞ്ഞത്. എന്റെ തലയില്‍ ഇട്ടിട്ട് ഒഴിഞ്ഞുമാറുകയാണോ എന്നും കേറിചെന്ന ഉടന്‍ ഡോക്ടര്‍മാര്‍ മരുന്ന് നല്‍കില്ലെന്നും എത്രനാള്‍ ഇത് മൂടിവെച്ച് താന്‍ നടക്കുമെന്നും യുവതി രാഹുലിനോട് വാട്ട്‌സാപ്പിലൂടെ ചോദിക്കുന്നുണ്ട്. എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയും വയറ്റിലുളള കുഞ്ഞിനോടുളള ഇഷ്ടവും, അതിനിടയില്‍ വീര്‍പ്പുമുട്ടുകയാണെന്നും താന്‍ ഒരു സ്ത്രീയാണെന്നും യുവതി പറഞ്ഞപ്പോള്‍ എങ്കില്‍ നീ തന്നെ പ്രശ്‌നം തീര്‍ക്കൂ എന്ന് പറഞ്ഞ് രാഹുല്‍ സംഭാഷണം അവസാനിപ്പിച്ചു.

യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് എന്ന മറ്റൊരു യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നത്. തുടര്‍ന്നാണ് ഇതുസംബന്ധിച്ച വിവാദം ആരംഭിച്ചത്. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു റിനിയുടെ വെളിപ്പെടുത്തല്‍. അതിനുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും ചാറ്റും പുറത്തുവരികയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റുകളും പുറത്തുവന്നു. തുടര്‍ന്ന് രാഹുലിന്റെ രാജിക്കായി സമ്മര്‍ദം ഏറുകയും രാഹുല്‍ ഒടുവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കുകയുമായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എഐസിസി നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടായിരുന്നു ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയത്.

നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close