
കോഴിക്കോട്: സ്‌കൂള്‍ അവധിമാറ്റുന്നതില്‍ വിദ്യാഭ്യാസ മന്ത്രിയെ അനുകൂലിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍. നല്ല ചൂടുള്ള മെയ് മാസവും മഴയുള്ള ജൂണ്‍ മാസവും ചേര്‍ത്ത് കുട്ടികള്‍ക്ക് അവധി കൊടുക്കുന്നതാണ് നല്ലതെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. എല്ലാം കൂടിയാലോചിച്ച് ചെയ്യുന്നതിലൂടെ തര്‍ക്കവും സമരവും ഒഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു. കാരന്തൂര്‍ മര്‍കസില്‍ മര്‍കസ് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെയും സയന്‍സ് ലബോറട്ടറിയുടെയും ഉദ്ഘാടനത്തിന് എത്തിയ മന്ത്രി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കാന്തപുരം സ്‌കൂള്‍ അവധിമാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചത്.
സമയം ചുരുക്കാന്‍ ഏറ്റവും നല്ലത് വര്‍ഷത്തില്‍ മൂന്ന് തവണ നടത്തുന്ന പരീക്ഷ രണ്ടാക്കി ചുരുക്കലാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ഉള്ളത് പോലെ ഇവിടെയും നടപ്പാക്കാം – കാന്തപുരം നിര്‍ദേശിച്ചു.
സ്‌കൂള്‍ അവധി ചര്‍ച്ചയും സമയമാറ്റവും പഠിക്കാന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് എന്ത് മാറ്റം കൊണ്ട് വന്നാലും ഉസ്താദ് അടക്കം ഉള്ളവരോട് കൂടിയാലോചിച്ചേ നടപ്പാക്കൂ. കൂടിയാലോചനകളിലൂടെ മാത്രമേ തീരുമാനങ്ങള്‍ ഉണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി.
സിബിഎസ്ഇ പാഠപുസ്തകത്തില്‍ നിന്ന് കേന്ദ്രം പലതും ഒഴിവാക്കി. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആരെന്നതും ഗുജറാത്ത് കലാപവും ഇപ്പോള്‍ സിബിഎസ്ഇ പാഠപുസ്തകങ്ങളിലില്ല. പക്ഷേ, ഇതെല്ലാം കേരളത്തില്‍ പഠിപ്പിക്കുന്നുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.




