
കോഴിക്കോട് :
കോഴിക്കോട് സിറ്റിയിലെ വിവിധയിടങ്ങളിൽ വീട് വാടകയ്ക്ക് എടുത്ത് ഉടമയറിയാതെ പണയത്തിന് നൽകി പണം തട്ടിയ കേസിലെ പ്രതികളായ കോഴിക്കോട് അശോകപുരം സ്വദേശി കോകിലം വീട്ടിൽ മെർലിൻ ഡേവിസ് (59 ), വളയനാട് മാങ്കാവ് സ്വദേശി അൽ ഹന്ദ് വീട്ടിൽ നിസാർ (38 ) എന്നിവരെ നടക്കാവ് പോലീസ് പിടികൂടി.
2024 ഏപ്രിൽ മാസത്തിൽ പ്രതികൾ വാടകയ്ക്ക് എടുത്ത വീട് തങ്ങളുടെ വീടാണെന്ന് പറഞ്ഞ് രുവനന്തപുരം സ്വദേശിനിയായ യുവതിയോട് 25 ലക്ഷം രൂപയും, മേരി എന്ന യുവതിയിൽ നിന്നും 2.80 ലക്ഷം രൂപയും, ശ്രുതി എന്ന യുവതിയിൽ നിന്നും 7 ലക്ഷം രൂപയും വാങ്ങി വീടിന്റെ ഉടമസ്ഥൻ അറിയാതെ പണയത്തിന് നൽകുകയായിരുന്നു. തങ്ങൾ പറ്റിക്കപ്പെട്ടതാണെന്ന് മനസ്സിലാക്കിയ യുവതികൾ നടക്കാവ് പോലിസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയും പ്രതികൾ നിരവധി പേരെ സമാന രീതിയിൽ പറ്റിച്ചിട്ടുണ്ടന്ന് കണ്ടെത്തുകയുമായിരുന്നു. കോഴിക്കോട് നടക്കാവ്, ചേവായൂർ, എലത്തൂർ തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ പ്രതികൾ വീട് വാടകയ്ക്ക് എടുക്കുകയും, പിന്നീട് ഈ വീട് തങ്ങളുടെതാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീടിന്റെ ഉടമസ്ഥൻ അറിയാതെ മറ്റുള്ളവർക്ക് വലിയ തുകയ്ക്ക് പണയത്തിന് കൊടുക്കുകയും, പിന്നീട് പ്രതികൾ രണ്ടോ മൂന്നോ മാസം വീടിന് വാടക നൽകിയശേഷം പ്രതികൾ മുങ്ങുകയുമായിരുന്നു. കൂടാതെ പുതുതായി വീട് നിർമിയ്ക്കുന്ന ആളുകളോട് വീടിന്റെ കൺസ്ട്രക്ഷൻ ജോലികൾ ചെയ്തുതരാം എന്നും പറഞ്ഞ് പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതികളെ നടക്കാവ് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ പ്രജീഷിന്റെ നിര്‍ദ്ദേശ പ്രകാരം സബ്ബ് ഇൻസ്പക്ടർ ലീല, SCPO ബൈജു, CPO മാരായ അരുൺ, ഐശ്വര്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘം മെർലിൻ ഡേവിസിനെ പാലക്കാട് നിന്നും, നിസാറിനെ നടക്കാവ് നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.




