
കോഴിക്കോട് : മൂന്ന് വശത്ത് നദിയും ഒരു വശത്ത് റെയിൽവേ ട്രാക്കുമുള്ള എലത്തൂരിൽ താമസിക്കുന്ന 700 കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടാതിരിക്കാൻ റയിൽവേ മേൽപ്പാലം നിർമ്മിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
മേൽപ്പാലം യാഥാർത്ഥ്യമാകുന്നതുവരെ നിലവിലുള്ള എലത്തൂർ ലെവൽക്രോസിന്റെ ഗേറ്റുകൾ തടസമില്ലാതെ പ്രവർത്തിക്കുന്നതായി റെയിൽവേ ഉറപ്പുവരുത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മേൽപ്പാലം നിർമ്മാണം പ്രായോഗികമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സമയബന്ധിതമായ ഒരു ആക്ഷൻ പ്ലാൻ റെയിൽവെ 3 മാസത്തിനകം കമ്മീഷനിൽ ഹാജരാക്കണമെന്നും കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
മേൽപ്പാലം യാഥാർത്ഥ്യമാകുന്നതു വരെ ഗേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്നതായി ദക്ഷിണ റെയിൽവേ ഉറപ്പാക്കണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. എച്ച്.പി.സി.എല്ലുമായി ആശയവിനിമയം നടത്തി തിരക്കേറിയ സമയത്ത് ഷണ്ടിംഗ് നടത്തുന്നത് നിയന്ത്രിക്കണം. ഗേറ്റ് തുടർച്ചയായി അടച്ചിടുന്ന സാഹചര്യം ഒഴിവാക്കണം. ഗേറ്റിന് സമീപമുള്ള റോഡിന്റെ അറ്റകുറ്റപണികൾ സമയബന്ധിതമായി പൂർത്തിയാക്കി റോഡപകടങ്ങൾ തടയണം.
റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ സംസ്ഥാന സർക്കാർഅംഗീകരിച്ചിട്ടുണ്ടെങ്കിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ജില്ലാ കളക്ടർ ത്വരിതപ്പെടുത്തണം. പദ്ധതിക്ക് സർക്കാർ അംഗീകാരം ലഭിച്ചിട്ടില്ലെങ്കിൽ അത് ലഭിക്കുന്നതിന് ആവശ്യമായ പുതിയ പദ്ധതി സർക്കാരിന് സമർപ്പിക്കണം. റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് സി.എസ്.ആർ.ഫണ്ട് സമാഹരിക്കുന്നതിനുള്ള നടപടികൾ കളക്ടർ ഏകോപിപ്പിക്കണം.
ഗേറ്റ് അടച്ചിടുന്നതു കാരണം നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടാതിരിക്കാനുള്ള നടപടികൾ എച്ച്.പി.സി.എൽ. റെയിൽവേയുമായി ചേർന്ന് സ്വീകരിക്കണം. മേൽപ്പാലത്തിനും സമാന്തര റോഡിനും ആവശ്യമായ സാമ്പത്തിക ചെലവ് കണ്ടെത്തുന്നതിന് സി.എസ്.ആർ. ഫണ്ട് (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിളിറ്റി) ഫണ്ട് നൽകാൻ എച്ച്.പി.സി.എൽ. തയ്യാറാവണം.എച്ച്.പി.സി.എല്ലിന്റെയും റെയിൽവേയുടെയും വാണിജ്യപരവും ഭരണപരവുമായ പ്രവർത്തനങ്ങൾക്കായി അന്തസ്സോടെ ജീവിക്കാനുള്ള പൗരന്റെ അവകാശം ഹനിക്കരുതെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.
എലത്തുർ റെയിൽവേ ഗേറ്റ് ആക്ഷൻ കമ്മറ്റിക്ക് വേണ്ടി ചെയർമാൻ ഷൈജു പുത്തലത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.




