
കോഴിക്കോട് : ഹണിട്രാപ്പിൽ പെടുത്തി വയനാട് സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് റഹീസിനെ ( 23 ) കോഴിക്കോട് ജവഹർ നഗറിൽ നിന്ന് തട്ടിക്കൊണ്ടുപോയ എട്ടംഗ സംഘത്തെ കക്കാടംപൊയിൽ – നിലമ്പൂർ റോഡിൽ നിന്നും നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. റഹീസിൻ്റെ സുഹൃത്തുക്കളായ എട്ടു പ്രതികളും, ഹണിട്രാപ്പ് നടത്തിയ യുവതിയും വയനാട്ടുകാരാണ്. നടക്കാവിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ ഇന്നോവ കാറിൽ മഞ്ചേരിയിൽ നിന്ന് കക്കാടംപൊയിലിലെ ഒളിസങ്കേതത്തിലേക്ക് കൊണ്ടുപോകവെ നടക്കാവ് പോലിസ് വാഹനം തടഞ്ഞ് പിടികൂടുകയായിരുന്നു. റഹീസിൻ്റെ സുഹൃത്തായ പ്രതികളിൽ ഒരാൾ മുൻപ് മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട വാർത്തയുടെ ലിങ്ക് നാട്ടിൽ പലർക്കും അയച്ചു കൊടുത്തതിൻ്റെ വൈര്യാഗ്യമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്താണ് റഹിസ് പോലീസിന് നൽകിയ വിവരം. പ്രതികളെ വിശദമായ ചോദ്യം ചെയ്താലെ സത്യം പുറത്തുവരൂ എന്ന വിശ്വാസത്തിലാണ് പോലീസ്. തലയിൽ രക്തം കട്ടപിടിക്കുന്ന രോഗം ചികിത്സിക്കാൻ കോഴിക്കോട്ടെത്തിയ റഹീസ് ഒരു മാസമായി എരഞ്ഞിപ്പാലത്തെ ഫ്ലാറ്റിലാണ് താമസം. ഇതേ ഫ്ലാറ്റിൻ്റെ മറ്റൊരു നിലയിൽ താമസിച്ചിരുന്ന പടിഞ്ഞാറത്തറ സ്വദേശിനിയെ ഇവിടെ വച്ച് പരിചയപ്പെട്ടതാണ്. വീട്ടുകാരുമായി സൗഹൃദത്തിലല്ലാത്ത യുവതി പിന്നീട് ജവഹർ നഗറിലെ ലേഡീസ് ഹോസ്റ്റലിലേക്ക് താമസം മാറി. കഴിഞ്ഞ ദിവസം യുവതി തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത സ്വന്തം ചിത്രം റഹീസ് ലൈക് ചെയ്തിരുന്നു. യുവതിയുടെ ഫേസ്ബുക് ഫ്രണ്ടായ പ്രതികളിൽ ഒരാൾ ഇത് കാണുകയും യുവതിയെ ഉപയോഗിച്ച് റഹീസിനെ വിളിച്ചു വരുത്തുക
യുമായിരുന്നു. ഇന്നലെ നിരവധി തവണ യുവതി വിളിച്ചെങ്കിലും റഹീസ് ഫോൺ എടുത്തില്ല. രാത്രി ഏഴിന് ശേഷമാണ് ഫോൺ എടുത്തത്. അത്യാവശ്യമായി നേരിൽ കാണണമെന്നും ഹോസ്റ്റലിന് മുന്നിലേക്ക് എത്തണമെന്നും യുവതി പറഞ്ഞതനുസരിച്ചു പുലർച്ചെ ഹോസ്റ്റൽ പരിസരത്തെത്തിയ റഹീസിനെ അവിടെ കാത്തു നിന്ന എട്ടംഗ സംഘം ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. റഹീസിൻ്റെ നിലവിളി കേട്ട ചില നാട്ടുകാരാണ് പോലിസിനെ അറിയിച്ചത്. തുടർന്ന് ഹോസ്റ്റലിലത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് കിട്ടിയ ഫോൺ നമ്പർ സൈബർ സെല്ലിൻ്റ സഹായത്തോടെ പിന്തുടർന്നാണ് പോലീസ് മഞ്ചേരിയിലും പിന്നീട് കക്കാടംപൊയിലിലും എത്തിയത്. മഞ്ചേരിയിലെ ഫാം ഹൗസിൽ വച്ച് റഹീസിന് ക്രൂരമായ മർദ്ദനം ഏറ്റിട്ടുണ്ട്. റഹീസ് പലതും മറച്ചുവയ്ക്കുന്നതായി പോലീസ് കണ്ടെത്തി. ഇയാളെയും പ്രതികളെയും കോഴിക്കോട്ടെത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. ഉടൻ സത്യാവസ്ഥ പുറത്തുവരുമെന്ന വിശ്വാസത്തിലാണ് പോലീസ്.




