
കോഴിക്കോട് : ഹണിട്രാപ്പിൽ പെടുത്തി എട്ടംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂര മർദ്ദനത്തിനിരയായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റഹീസ് (23) കരിപ്പൂർ എയർപോർട്ട് ജീവനക്കാരിയേയും കബളിപ്പിച്ച് അരലക്ഷം രൂപ തട്ടിയെടുത്തു. കുത്തുപറമ്പ് സ്വദേശിനിയായ യുവതിയെ രണ്ടാഴ്ച്ച മുൻപാണ് റഹീസ് പരിചയപ്പെടുന്നത്. ഇയാളുടെ വാചക കസർത്തിൽ വളരെ പെട്ടെന്ന് സുഹൃത്തുക്കളായി മാറുകയായിരുന്നു. ഏറ്റവും പുതിയ മോഡൽ ഐ ഫോൺ പകുതി വിലയിൽ ഗൾഫിൽ ലഭിക്കുമെന്നും വാങ്ങിതരാമെന്നും റഹീസ് പറഞ്ഞതിനെ തുടർന്ന് പകുതി വിലയായ 50000 രൂപ ഗൂഗിൾ പേ ചെയ്തു. മണിക്കൂറുകൾക്ക് ശേഷം ഫോൺ വാങ്ങിയതിൻ്റെ ബില്ലിൻ്റെ സ്ക്രീൻ ഷോട്ട് കോപ്പി വാട്സ്ആപ് ചെയ്തു കൊടുത്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഫോൺ ലഭിക്കാതായതോടെ സ്ക്രീൻ ഷോട്ട് പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് കണ്ടെത്തി. പിന്നീട് റഹീസിനെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇയാളെ തട്ടിക്കൊണ്ടുപോയ വിവരം മാധ്യമങ്ങളിൽ നിന്നറിഞ്ഞ യുവതി നടക്കാവ് സ്റ്റേഷനിൽ വിളിച്ചാണ് ഇക്കാര്യങ്ങൾ വെളിപ്പടുത്തിയത്. യുവതി പരാതി നൽകാൻ തയ്യാറായിട്ടുണ്ട്.




