
കോഴിക്കോട് : ഡിജിറ്റൽ കറൻസി ഇൻവെസ്റ്റ് മെന്റ്റിലൂടെയും ട്രേഡിങ്ങിലൂടെയും ലാഭം നേടിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കോഴിക്കോട് സ്വദേശിയായ ബിസിനസ് കാരനിൽ നിന്നും 36 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ആദ്യ അറസ്റ്റ്. പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും നേരിട്ട് പണം എത്തിയ ബാങ്ക് അക്കൗണ്ടിന്റെ ഉടമയായ ആലപ്പുഴ പഴവീട് സ്വദേശിയെയാണ് ഇന്ന് കോഴിക്കോട് സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തത് .
കൂടുതൽ ലാഭം നേടിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചും പരാതിക്കാരനെ തെറ്റിദ്ധരിപ്പിച്ചും ഡെപ്പോസിറ്റ് ചെയ്യിപ്പിച്ച പണം എത്തിയ ബാങ്ക് അക്കൗണ്ടിന്റെ ഉടമയാണ് ഇന്ന് അറസ്റ്റിലായ ആലപ്പുഴ സ്വദേശി ജിതേഷ് ബാബു (50). ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിച്ചേരുന്ന വലിയ തുകകൾ പണമായി മാറ്റുന്ന സംഘത്തിൽ പെട്ട ആളാണോ ഇയാൾ എന്നത് കൂടുതൽ പരിശോധനകളിലൂടെ മാത്രമേ വ്യക്തമാക്കാൻ സാധിക്കൂ.
കംബോഡിയ ബന്ധങ്ങൾ ഉള്ളതായി മനസ്സിലാക്കിയ ഈ ഓൺലൈൻ ഇൻവെസ്റ്റ് മെന്റ് തട്ടിപ്പു കേസിൻ്റെ ആദ്യത്തെ ലെയറിൽ ഒരു കേരള അക്കൗണ്ട് വന്നു എന്നതും. പണം വാഗ്ദാനം ചെയ്തു ബാങ്ക് അക്കൗണ്ടുകൾ ശേഖരിച്ചു ഓൺലൈൻ തട്ടിപ്പുകാർക്ക് നൽകുന്ന സംഘങ്ങൾ ഇതിൻ്റെ പുറകിൽ ഉണ്ടോ എന്നതും പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ ആയ വാട്സാപ്പ് വഴിയും ടെലിഗ്രാം വഴിയും ബന്ധപ്പെട്ട് പ്രസിദ്ധമായ ഡിജിറ്റൽ കറൻസി പ്ലാറ്റ് ഫോമിൻ്തെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഫേക്ക് വെബ്സൈറ്റ് വഴി നിക്ഷേപം നടത്തി വൻതോതിൽ ലാഭം നേടാമെന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചാണ് കോഴിക്കോട് സ്വദേശിയായ ബിസിനസ് കാരനിൽ നിന്നും 36 ലക്ഷത്തോളം രൂപ തട്ടിപ്പെടുത്തത്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ കാണുന്ന അമിത ലാഭം വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങളിലും ഫേക്ക് നിക്ഷേപ പ്ലാറ്റുഫോമുകളിലും ആകൃഷ്ടരായി പണം നിക്ഷേപിച്ചു വഞ്ചിതരാകുന്ന കേസുകൾ അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ കഴിഞ്ഞമാസം കേഴിക്കോട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ മാത്രം രജിസ്റ്റർ ചെയ്ത കേസുകളിൽ രണ്ട് കോടിയോളം രൂപയാണ് പരാതിക്കാർക്ക് നഷ്ടമായത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൻ്റെ ഇരയാകുകയാണെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതാണെന്ന് പോലിസ് അറിയിച്ചു.