
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നടപടിക്രമങ്ങളിൽ കുരുങ്ങി 16 അനാഥ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതു കാരണം മോർച്ചറിയിൽ സ്ഥലമില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ കേസെടുത്ത് നഗരസഭാ സെക്രട്ടറിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഒക്ടോബർ 28 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ഇത്രയധികം മൃതദേഹങ്ങൾ മോർച്ചറിയിലെത്തിയത്. കോഴിക്കോട് ജില്ലയിലെ ആറ് പോലീസ് സ്റ്റേഷനുകളിൽ നിന്നും മലപ്പുറം, മഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നുമാണ് മൃതദേഹങ്ങൾ എത്തിയത്. ഇവയിൽ പലതും ഫ്രീസറുകളിൽ സൂക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞതായി മനസിലാക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ നിലവിലുള്ളഏക ഫ്രീസർ യൂണിറ്റിൽ 18 മൃതദേഹങ്ങൾ മാത്രമേ സൂക്ഷിക്കാൻ കഴിയുകയുള്ളൂ. മൃതദേഹങ്ങളിൽ ചിലതെങ്കിലും ഒഴിവാക്കിയില്ലെങ്കിൽ മോർച്ചറി നിറയുമെന്നാണ് പരാതി. ഒരു ഫ്രീസർ യൂണിറ്റ് പ്രവർത്തനക്ഷമമല്ല.
അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്ക്കരിക്കാൻ കോർപ്പറേഷനിലേക്ക് മൂന്നു തവണ കത്തു നൽകിയതായി പോലീസ് പറയുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.



