
കോഴിക്കോട്: ഉത്സവ സീസണിലെ തിരക്ക് പരിഗണിച്ച് യാത്രാദുരിതം പരിഹരിക്കുന്നതിനായി ചെന്നൈ, ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ നിന്ന് മലബാറിലേക്കും തിരികെയും കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു.
നേരത്തെ ആവശ്യപ്പെട്ടിട്ടും, ചെന്നൈ-മംഗളൂരു റൂട്ടിൽ ഒരു സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചതൊഴിച്ചാൽ മറ്റ് സർവ്വീസുകൾ ഒന്നും തന്നെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ സ്പെഷ്യൽ സർവീസ് ഒന്നിൽ മാത്രമൊതുങ്ങിയതും, ബംഗളൂരുവിൽ നിന്ന് പ്രത്യേക സർവീസുകൾ ഇല്ലാത്തതും യാത്രാ ദുരിതം വർദ്ധിപ്പിക്കുമെന്ന് എം.പി. ചൂണ്ടിക്കാട്ടി.
പതിവ് ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ലാത്തതിനാൽ യാത്രക്കാർക്ക് ബസ് സർവീസുകളെ ആശ്രയിക്കേണ്ടി വരുന്നതായും, സ്വകാര്യ ബസ് ഓപ്പറേറ്റർമാർ ഡിമാൻഡിനനുസരിച്ച് അമിത നിരക്ക് ഈടാക്കുന്നതായും ഇതിന് പരിഹാരമായി കൂടുതൽ സർവ്വീസുകൾ അനിവാര്യമാണെന്നും എം.പി. വ്യക്തമാക്കി.




