
കണ്ണൂർ :കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ഭിന്ന ശേഷി കുട്ടികൾക്കായി പഠന പിന്തുണ നൽകാനായി സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കാത്ത സാഹചര്യത്തിൽ ‘ഒപ്പോസിറ്റ് വോട്ട്’ ( സർക്കാർ വിരുദ്ധ സമ്മതിദാനവകാശം) പ്രചാരണത്തിന് അധ്യാപകർ ഒരുങ്ങുന്നു. പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് ഏഴ് മാസം പിന്നിട്ടിട്ടും നടപ്പാക്കാത്ത സാഹചര്യത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വോട്ട് ആയുധമാക്കാനാണ് സ്പെഷൽ എജുക്കേറ്റേഴ്സിൻ്റെ കൂട്ടായ തീരുമാനം. നിലവിലുള്ള സ്പെഷൽ എജുക്കേറ്റർ ന്മാരുടെ സ്ഥിര നിയമനം 12 ആഴ്ചകൾക്കകം പൂർത്തികരിക്കാൻ 2025 മാർച്ച് ഏഴിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാൽ , കരാർ നിയമനം തുടരുമെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി സ്ഥിര നിയമനം വൈകിപ്പിക്കാനാണ് സർക്കാർ നീക്കം . ഈ സാഹചര്യത്തിലാണ് 2800 ഓളം സ്പെഷൽ എജുക്കേറ്റർ ന്മാർ അവരുടെ ബന്ധുക്കളിലും സുഹൃത്തുക്കളിലും ക്യാമ്പയ്ൻ നടത്തി സർക്കാരിനെതിരെ വിരുദ്ധ വോട്ട് സമാഹരിക്കാൻ ശ്രമം ആരംഭിച്ചത്. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും സ്പെഷൽ എജുക്കേറ്റർ ന്മാരുണ്ട്. ‘വിരുദ്ധ വോട്ട്’ പ്രചാരണം സർക്കാരിൻ്റെ മൂന്നാം മൂഴ മോഹങ്ങൾക്ക് തിരിച്ചടിയാകുമെന്നാണ് അധ്യാപകരുടെ വിലയിരുത്തൽ . അതേ സമയം , വർഷങ്ങളായി കരാർ നിയമനം തുടരുന്ന സ്പെഷൽ എജുക്കേറ്റർ ന്മാരെ ജോലിയിൽ സ്ഥിരപ്പെടുത്തി 2026 ഫെബ്രുവരിയിൽ ആദ്യ ശമ്പളം ലഭ്യമാക്കുന്ന പക്ഷം സർക്കാർ വിരുദ്ധ വോട്ട് ക്യാമ്പയ്ൻ അവസാനിപ്പിക്കുമെന്നും സ്പെഷൽ എജുക്കേറ്റേഴ്സ് വ്യക്തമാക്കി. മാർച്ചോടെ നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകുമെന്നാണ് കരുതുന്നത്.




