
കോഴിക്കോട് : :നിയമസഭയിലേത് പോലെ വ്യക്തിപരമായ അധിക്ഷേപവുമായി കോഴിക്കോട് നഗരസഭയും. യുഡി എഫ് കൗണ്‍സിലര്‍ക്കുനേരെ തിരിഞ്ഞ് എല്‍ഡിഎഫ് കൗണ്‍സിലര്‍ ‘മാലിന്യ’മെന്ന രീതിയില്‍ പറഞ്ഞതാണ് ബഹളത്തിനിടയാക്കിയത്. തുടര്‍ന്ന് കൗണ്‍സില്‍ നിര്‍ത്തിവെച്ച് ഹാളിന് പുറത്ത് ചര്‍ച്ച നടത്തി. ഒടുവില്‍ എൽഡിഎഫ് കൗൺസിലറുടെ ഖേദപ്രകടനത്തോടെ ബഹളം അവസാനിപ്പിക്കുകയായിരുന്നു.
ഉറവിട മാലിന്യസംസ്കരണ ഉപാധികളുടെ വിതരണവുമായി ബന്ധപ്പെട്ട ഗുണഭോക്തൃപട്ടിക അംഗീകരിക്കുന്ന ചര്‍ച്ചയിലാണ് മാലിന്യം പ്രശ്നമായത്. പുതുതായി മാലിന്യസംസ്കരണ ഉപാധികള്‍ നല്കുമ്പോള് പഴയവയുടെ സ്ഥിതി പരിശോധിക്കണമെന്ന് യുഡിഎഫിലെ എസ്. കെ. അബൂബക്കര്‍ ആവശ്യപെട്ടു .ഈ സമയം എഴുന്നേറ്റ എല്‍ഡിഎഫിലെ ഒ.സദാശിവന് അബൂബക്കറെ നോക്കി ഈമാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ലേയെന്ന് ചോദിച്ചു. ചില ഇടത് അംഗങ്ങള്‍ ഇതുകേട്ട് പൊട്ടിചിരിക്കുകയും ചയ്തു. യുഡിഎഫിലെ എം.സി. സുധാമണി, പരാമര്‍ശത്തെ കുറിച്ച് ആക്ഷേപമുന്നയിച്ചു.
അതോടെ കൗണ്‍സിലറെ അപമാനിച്ചെന്ന് പറഞ്ഞ് യുഡിഎഫ് അംഗങ്ങള്‍ കെ.സി.ശോഭിത, കെ.മൊയ്തീന്‍കോയ, കെ. നിര്‍മല തുടങ്ങിയവരുടെ നേതൃത്വത്തില്‍ മേയറുടെ ഡയസിന് ചുറ്റും കൂടി. ശബ്ദമാലിന്യമെന്നാണ് ഒ. സദാശിവന് പറഞ്ഞതെന്ന് മേയര്‍ വ്യക്തമാക്കി. എസ്.കെ. അബൂബക്കര്‍ പറഞ്ഞ കാര്യം നല്ലരീതിയിലെടുക്കുന്നുവെന്ന് പറഞ്ഞ് ഡെപ്യൂട്ടി മേയര്‍ സി. പി. മുസാഫര്‍ അഹമ്മദ് ഇടപെട്ടെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. എസ്.കെ. അബൂബക്കറിന്റെ ശബ്ദത്തിന് അമിതമായ മുഴക്കമാണെന്ന് മേയര്‍ പറഞ്ഞു. അതിനിടെ എല്‍ഡിഎഫ് അംഗങ്ങൾ മേയറെസംരക്ഷിക്കാനെത്തി.
തുടര്‍ന്ന് 11.05 ന് കൗണ്‍സില്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തു. 11.15 ന് വീണ്ടും കൗണ്‍സില്‍ തുടങ്ങി. എസ്. കെ. അബൂബക്കറിന് തെറ്റിദ്ധാരണ ഉണ്ടായതാണെന്നും അങ്ങനെ മോശമായി പറയില്ലെന്നും കൗണ്‍സില്‍ കാലത്ത് ഒരിക്കല്‍ പോലും അത്തരം പരാമര്‍ശം നടത്തിയിട്ടില്ലെന്നും ഒ.സദാശിവന് പറഞ്ഞു. എസ്. കെ. അബൂബക്കറിന് വേദനയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സദാശിവന് പറഞ്ഞു. ഇതോടെ പ്രശ്നം അവസാനിച്ചു.
—




