
കോഴിക്കോട്: കേരളത്തിന് പുറത്ത് ഭരണകൂടങ്ങൾക്കു നേരെ കൈവിരലുയർത്താൻ ഒരു മാധ്യമത്തിനും ധൈര്യമില്ലെന്നും ഭരണകൂടത്തിനെതിരെ വിരൽചൂണ്ടുന്ന മാധ്യമങ്ങളെല്ലാം നടപടി നേരിടുകയാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എം.പി. മാധ്യമം ജേർണലിസ്റ്റ് യൂനിയന്റെ എൻ. രാജേഷ് സ്മാരക പുരസ്കാരം ‘ദി വയർ’ സ്ഥാപക എഡിറ്റർ എം.കെ. വേണുവിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഹിന്ദുത്വ ഫാഷിസം നിറഞ്ഞാടുമ്പോൾ മാധ്യമ ഇടപെടലിന് പ്രസക്തി കൂടുകയാണ്. ഫാഷിസത്തിനെതിരായ പോരാട്ടങ്ങൾ മുഖ്യധാര മാധ്യമങ്ങൾ അവഗണിക്കുകയും വ്യാജ വാർത്തകൾ പെരുകുകയും ചെയ്തപ്പോൾ ‘ദ വയർ’ പോലുള്ള ഡിജിറ്റൽ മാധ്യമങ്ങളാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. രാജീവ് ഗാന്ധി ബഹുഭൂരിപക്ഷത്തോടെ ഭരണം നടത്തുമ്പോഴും ബോഫോഴ്സ് പോലെ നിരവധി വിമർശനങ്ങളാണ് അദ്ദേഹത്തിനെതിരെ മാധ്യമങ്ങൾ ഉയർത്തിയത്. അത്രയൊന്നും ഭൂരിപക്ഷമില്ലാത്ത മോദി ഭരണകൂടത്തെ വിമർശിക്കാൻ എത്ര മാധ്യമങ്ങളാണ് ധൈര്യപ്പെടുന്നത്? പാർലമെന്റിനോടും മാധ്യമങ്ങളോടും പ്രതിബദ്ധതയില്ലാതെയാണ് മോദി മുന്നോട്ട് പോകുന്നത്. സിനിമ നടനും ഷെയർ ബ്രോക്കർക്കും മാത്രമാണ് അഭിമുഖത്തിന് മോദി അവസരം നൽകിയതെന്നും ജോൺ ബ്രിട്ടാസ് പരിഹസിച്ചു. ഔദ്യോഗിക സംവിധാനങ്ങൾ പോലും വ്യാജ വാർത്തകൾ പടച്ചുവിടുന്ന കാലത്ത് നിരന്തരം സത്യം വിളിച്ചുപറയുകയാണ് മാധ്യമങ്ങളുടെ ദൗത്യമെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് ‘ദ വയർ’ സ്ഥാപക എഡിറ്റർ എം.കെ. വേണു പറഞ്ഞു. ഭരിക്കുന്ന പാർട്ടിയുടെ ഐ.ടി സെല്ലുകളും വാട്സാപ്പ് യൂനിവേഴ്സിറ്റികളും പുറന്തള്ളുന്ന അസത്യങ്ങളെ പ്രതിരോധിക്കുകയെന്ന ദൗത്യമാണ് ‘ദ വയർ’ ഏറ്റെടുത്തത്. അസത്യം പറയുന്ന മുഖ്യധാര മാധ്യമങ്ങളിൽനിന്ന് ജനം മുഖം തിരിക്കുന്നതാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ടത്. മോദി സർക്കാർ 400ലധികം സീറ്റുകൾ നേടുമെന്ന് മാധ്യമങ്ങൾ വിളിച്ചുപറഞ്ഞത് ജനം തള്ളിക്കളഞ്ഞു. അസത്യം പ്രചരിപ്പിക്കുമ്പോൾ സത്യം വിളിച്ചുപറയുക എന്നത് വിപ്ലവകരമായ മാധ്യമ പ്രവർത്തനമാണ്. ഫാഷിസത്തെ പ്രതിരോധിക്കാൻ ഇതാണ് ഉത്തമ മാർഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമം ജേർണലിസ്റ്റ് യൂനിയൻ പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ പി.എൻ. ഗോപീകൃഷ്ണൻ, മുതിർന്ന പത്രപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, കെ.എൻ.ഇ.എഫ് ജില്ല പ്രസിഡന്റ് അബ്ദുൽ ഹമീദ്, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം നഹീമ പൂന്തോട്ടത്തിൽ എന്നിവർ സംസാരിച്ചു. എം.ജെ.യു സെക്രട്ടറി കെ. സുൽഹഫ് സ്വാഗതവും ട്രഷറർ എ. ബിജുനാഥ് നന്ദിയും പറഞ്ഞു.




