KERALAlocaltop newsVIRAL

സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണം നിർത്തിവയ്ക്കണം – കോഴിക്കോട് നഗരസഭാ കൗൺസിൽ

* വികസന വിഷയങ്ങളി'ൽ കൗൺസിലർമാർ ട്രോളുന്നതിനെതിര വികാരഭരിതയായി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ

കോഴിക്കോട്: ആസന്നമായ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് മുമ്പേ സ്പെഷൽ ഇൻ്റൻസിവ് റിവിഷൻ അഥവാ സമഗ്ര വോട്ടർ പട്ടിക പരിഷ്ക്കരണം എന്ന എസ് ഐ ആർ നടപ്പാക്കാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ്റെ തീരുമാനം നിർത്തിവയ്ക്കണമെന്ന് ഡെപ്യൂട്ടി മേയർ സി.പി മുസഫിർ അഹമ്മദിൻ്റെ അധ്യക്ഷതയിൽ ചേർന്ന കോഴിക്കോട് നഗരസഭാ കൗൺസിൽ യോഗം അടിയന്തിര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യു ഡി എഫിലെ കെ.സി. ശോഭിത കൊണ്ടുവന്ന അടിയന്തിര പ്രമേയത്തെ ബി ജെ പി യുടെ ആറ് കൗൺസിലർമാർ ശക്തമായി എതിർത്തപ്പോൾ യുഡിഎഫ് – എൽഡിഎഫ് കൗൺസിലർമാർ പിന്താങ്ങി. എസ്ഐആർ നടപ്പാക്കാനുള്ള ശ്രമം മാറ്റിവയ്ക്കണമെന്ന് സംസ്ഥാന നിയമ സഭ ഏകകണ്ഠമായി ആവശ്യപ്പെട്ടതിനെ കോഴിക്കോട് നഗരസഭാ കൗൺസിൽ ഒന്നടങ്കം പിന്താങ്ങണമെന്ന് കെ.സി ശോഭിത വിശദീകരിച്ചു. ഒരു വിഭാഗത്തെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ഇത് ന്യൂനപക്ഷ വേട്ടയാണെന്നും യുഡിഎഫ് – എൽഡിഎഫ് കൗൺസിലർമാരായ പി.കെ നാസർ , എസ് കെ അബൂബക്കർ, കെ.മൊയ്തീൻ കോയ, അഡ്വ. സി. എം ജംഷീർ, ഒ സദാശിവൻ, എം സി അനിൽകുമാർ, വി.പി മനോജ് എന്നിവർ ചൂണ്ടിക്കാട്ടി. എന്നാൽ, വോട്ടർ പട്ടിക ശുദ്ധീകരിക്കാനുള്ള കേന്ദ്ര നീക്കത്തെ ഏവരും പിന്താങ്ങുകയാണ് വേണ്ടതെന്ന് ബി ജെ പി കൗൺസിൽ പാർട്ടി ലീഡർ നവ്യ ഹരിദാസ് പറഞ്ഞു. യഥാർത്ഥ പൗരന്മാർ ആരൊക്കെയെന്ന് കണ്ടെത്തുകയാണ് എസ് ഐ ആറിൻ്റെ ലക്ഷ്യം. ഏത് വിഭാഗത്തെ വെട്ടിമാറ്റുന്നു എന്നാണ് നിങ്ങൾ പറയുന്നത്, ന്യൂനപക്ഷ വേട്ടയാണെന്നും പറയുന്നു. ഏത് ന്യൂനപക്ഷത്തെയാണ് വെട്ടിമാറ്റുന്നതെന്ന് ആരോപണം ഉന്നയിക്കുന്നവർ വ്യക്തമാക്കണം. ആരെങ്കിലും ഒഴിവാക്കപെട്ടാൽ അപ്പീൽ സൗകര്യവുമുണ്ടല്ലോ – നവ്യ ഹരിദാസ് ചോദിച്ചു. ബി ജെ പി യിലെ ടി. റെനീഷ് , സി എസ് സത്യഭാമ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിർ സി.പി സുലൈമാൻ, കെ. മൊയ്തീൻ കോയ, സഫീന, സരിത പറയേരി, എസ് കെ അബൂബക്കർ, കെ. നിർമ്മല, വി.പി മനോജ്, എന്നിവർ കൗൺസിലിൻ്റെ ശ്രദ്ധ ക്ഷണിച്ചു. മാലിന്യ ശേഖരണം, ഫുഡ് സ്ട്രീറ്റ് എന്നിവയുമായി ബന്ധപ്പെട്ട ശ്രദ്ധക്ഷണിക്കലിലെ ആരോപണത്തിന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എസ്.ജയശ്രീ മറുപടി പറഞ്ഞു. മാലിന്യനീക്കം സംബന്ധിച്ച് പൊതുജനത്തെ ബോധവത്ക്കരിക്കാൻ ചുമതലപ്പെട്ട കൗൺസിലർമാരിൽ സീനിയറായവരടക്കം ചിലർ പരിഹാസ രൂപേണ ട്രോൾ വീഡിയോകൾ ഉദ്ഘാടന പിറ്റേന്ന് പ്രചരിപ്പിച്ചതിൽ ദുഃഖമുണ്ടെന്ന് അവർ വികാരഭരിതയായി പറഞ്ഞു. മാറ്റേണ്ടത് “ട്വിൻ ബിൻ ” ആണോ അതോ ഇത്തരക്കാരുടെ മനസാണോ- അവരവർ ചിന്തിക്കട്ടെയെന്ന് ജയശ്രീ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close