
കോഴിക്കോട് : കസ്റ്റംസിൻെറ പാനൽ വക്കീലാണെന്ന് പറഞ്ഞ് 56.50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയും അഭിഭാഷകയുമായ പാലക്കാട് ഒലവങ്കോട് കല്ലേകുളങ്ങര സ്വദേശിനി ആനന്ദ് സദനിൽ പ്രവീണ (38 ) (ഇപ്പോൾ താമസം ഇടപ്പള്ളി മണ്ണക്കരപറമ്പ് റിജൻസി ലൈനിൽ MRA 128-ൽ) യെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്തു.
മാവൂർ സ്വദേശിയായ യുവതിയെ സുഹൃത്ത് വഴി പരിചയപ്പെട്ട പ്രതി താൻ കസ്റ്റംസിൻെറ പാനൽ വക്കീലാണെന്നും, കസ്റ്റംസ് പിടിക്കുന്ന സ്വർണ്ണം റിലീസ് ചെയ്യുന്നതിനായി പണം നൽകിയാൽ വലിയ കമ്മീഷൻ ലഭിക്കുമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി ഇവരുടെ കൈവശമുണ്ടായിരുന്ന സ്വർണ്ണം പ്രതിയുടെയും, പരാതിക്കാരിയുടെയും, പരാതിക്കാതിയുടെ സുഹൃത്തുക്കളുടെയും മറ്റും പേരിൽ പണയം വെച്ച് 2023 ജനുവരി മുതൽ പല തവണകളായി 56.50 ലക്ഷത്തോളം രൂപ പ്രതിയ്ക്ക് നൽകുകയായിരുന്നു. താൻ പറ്റിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ യുവതി മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും, തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു.
മെഡിക്കൽ കോളേജ് സബ്ബ് ഡിവിഷൻ അസിസ്റ്റന്റെ് കമ്മീഷണർ ഉമേഷ്. യു. വിന്റെ നേതൃത്വത്തിലുള്ള ഇൻവെസ്റ്റിഗേഷൻ ടീമംഗങ്ങളായ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു.കെ.ജോസ്, SI മാരായ അരുൺ, ബബിത, SCPO വിനോദ് രാമിനാസ്, CPO സുരാജ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ എറണാംകുളത്ത് നിന്നും കസ്റ്റഡിയിലെടുത്തത്. പ്രതി എറണാംകുളം ഹൈക്കോടതിയിൽ അഭിഭാഷകയായി ജോലിചെയ്യുകയാണെന്ന് പറയുന്നുണ്ടെങ്കിലും ആയത് ശരിയാണോയെന്ന് പരിശോധിയ്ക്കുമെന്നും, പ്രതി സമാന രീതിയിൽ മറ്റാരെയെങ്കിലും തട്ടിപ്പിനിരയാക്കിയിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.




