
ന്യൂഡൽഹി : പൊതുവിദ്യാലയങ്ങളിൽ സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കാൻ പണമില്ലെന്ന കേരള സർക്കാർ സത്യവാങ്മൂലത്തിന് സുപ്രിം കോടതിയിൽ തിരിച്ചടി . സ്കൂളുകളിൽ ഭൗതിക സൗകര്യമൊരുക്കാനും അധ്യാപക നിയമനത്തിനും കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നില്ലെന്നായിരുന്നു കേരളത്തിൻ്റെ വാദം . എസ്.എസ്. കെ ഫണ്ട് അനുവദിക്കാമെന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ട്യ ചൊവാഴ്ച സുപ്രീം കോടതിയിൽ മറുവടി നൽകിയതോടെ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്പെഷൽ എജുക്കേറ്റർമാരുടെ സ്ഥിര നിയമനത്തിനാണ് വഴി തെളിഞ്ഞത്. നിലവിൽ കരാർ അടിസ്ഥാനത്തിൽ തുടരുന്ന സ്പെഷൽ എജുക്കേറ്റർ ന്മാരുടെ സ്ഥിര നിയമന പുരോഗതി സംബന്ധിച്ച് 2026 ജനുവരി 31 ന് കേരളം സത്യവാങ്മൂലം നൽകണം.
രാജ്യത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണ നൽകാനായി സ്പെഷൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്ന് കഴിഞ്ഞ മാർച്ച് ഏഴിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് പ്രകാരം 20 സംസ്ഥാനങ്ങളിൽ തസ്തിക നിർണയം പൂർത്തിയായിട്ടുണ്ട്. നിലവിൽ താൽക്കാലികാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്പെഷൽ എജുക്കേറ്റർന്മാരെ തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്തണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത് . സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റി രൂപവത്ക്കരിച്ച് നിയമന നടപടികൾ 12 ആഴ്ചകൾക്കകം പൂർത്തികരിക്കാനായിരുന്നു കോടതി ഉത്തരവ് .തസ്തിക നിർണയത്തിന് സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുവരെ പ്രാഥമിക നടപടികൾ പോലും തുടങ്ങാത്ത സാഹചര്യത്തിൽ സുപ്രീം കോടതി യുടെ പുതിയ നിർദ്ദേശം ശ്രദ്ധേയമാണ്. നിലവിൽ കരാർ അടിസ്ഥാനത്തിലുള്ള അധ്യാപകരുടെ നിയമനം കരാർ അടിസ്ഥാനത്തിൽ തന്നെ തുടരാമെന്ന കേരളത്തിൻ്റെ വാദം കോടതി നേരത്തെ തള്ളിയിരുന്നു. ഉത്തർപ്രദേശ് സ്വദേശിയായ രജ്നീഷ് കുമാർ പാണ്ഡെ 2016 ൽ നൽകിയ ഹരജിയിൽ 2022 ലാണ് സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ ഓഫ് കേരള ( സെഫ് കെ) കക്ഷി ചേർന്നത് .ചൊവ്വാഴ്ച കേസിൽ സെഫ് കെ ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ അഡ്വ. വി. ചിദംബരേഷ് ഹാജരായി. 2724 സ്പെഷൽ എജുക്കേറ്റർ ന്മാരാണ് സംസ്ഥാനത്ത് എസ്.എസ്. കെ പദ്ധതിയിൽ കരാർ അടിസ്ഥാനത്തിലുള്ളത്. 25 വർഷമായി കരാർ അധ്യാപകരായി തുടരുന്നവരും സ്പെഷൽ എജുക്കേറ്റർമാരിലുണ്ട്.




