
കോഴിക്കോട് :ട്രെയിൻ യാത്രയിൽ സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതത്വം വളരെ പ്രധാനമാണ്.നിരവധി അക്രമങ്ങളാണ് ട്രയിൻ യാത്രയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചു വരുന്നത്.ഏതായാലും ഇതിനെല്ലാം ഒരു ശാശ്വത പരിഹാരം കണ്ടിരിക്കുകയാണ്.ട്രയിനിൽ യാത്രചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി ആരംഭിച്ച ‘ഓപ്പറേഷൻ രക്ഷിത’യുടെ ഭാഗമായി ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പോലീസ്.റെയിൽവേ പോലീസ്, ലോക്കൽ പോലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തുന്നത്.റെയിൽവേ സ്റ്റേഷനുകളിലെ എൻട്രി, എക്സിറ്റ് കവാടങ്ങളിലും പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലുമുള്ള പരിശോധന കർശനമാക്കി.മദ്യലഹരിയിലുള്ള യാത്രക്കാരെ തിരിച്ചറിയുന്നതിനായി ആൽക്കോമീറ്റർ പരിശോധന വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ആരംഭിച്ചു.റെയിൽവേ സ്റ്റേഷനുകളിലും യാത്രാ ട്രെയിനുകളിലും മയക്കുമരുന്നുകളും നിരോധിത പുകയില ഉത്പന്നങ്ങളും ഹവാലാ പണവും കണ്ടെത്തുന്നതിനുള്ള നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
more news:ചിരി ആയുസ്സ് കൂട്ടും..മുഖത്ത് വെള്ള പൂശി ന്യൂജെൻ ലുക്കിൽ ചിരിപ്പിക്കാൻ ആശാൻ എത്തിയിട്ടുണ്ട്.
സ്റ്റേഷനുകളിൽ ഉപേക്ഷിക്കപ്പെട്ട ബാഗുകൾ, സംശയാസ്പദമായവസ്തുക്കൾ എന്നിവ കണ്ടെത്തിയാൽ ബോംബ് സ്ക്വാഡ്, കെ-9 സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ അടിയന്തരപരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തി. രഹസ്യാന്വേഷണവിഭാഗവും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.സഞ്ചരിക്കുന്ന ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും പട്രോളിങ്ങും സ്ത്രീകൾ കൂടുതലുള്ള കമ്പാർട്ട്മെന്റുകളിൽ പരിശോധനയും ശക്തമാക്കി.റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റില്ലാതെയും ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും യാത്രചെയ്യുന്നവരെയും അലഞ്ഞുതിരിഞ്ഞുനടക്കുന്നവരെയും കർശനമായി നിരീക്ഷിക്കുന്നുണ്ട്.
ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ നാലുമേഖലയായിത്തിരിച്ച് നാല് റെയിൽവേ ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിലാണ് പരിശോധന.
പൊതുജനങ്ങൾക്ക് കുറ്റകൃത്യങ്ങൾ കണ്ടാൽ നിയമസഹായത്തിന് ബന്ധപ്പെടാനുള്ള സുരക്ഷാ ആപ്പ് ഉടൻ പ്രവർത്തനക്ഷമമാക്കും.റെയിൽവേ യാത്രക്കാർക്ക് സംശയാസ്പദമായ വസ്തുക്കളോ വ്യക്തികളെയോ കണ്ടാൽ അടുത്തുള്ള പോലീസുകാരെയോ റെയിൽ അലർട്ട് കൺട്രോൾ (9846200100), ഇആർഎസ്എസ് കൺട്രോൾ (112) റെയിൽവേ ഹെൽപ്പ് ലൈൻ (139) എന്നിവയിലോ വിവരം നൽകാം.




