KERALAlocaltop news

തദ്ദേശ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.ഇത്തവണ പോളിങ് രണ്ടു ഘട്ടമായി നടക്കും..വോട്ടെണ്ണൽ ഡിസംബർ 13 ന്

തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായിട്ടാണ് ഇത്തവണ പോളിങ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 9നാണ് പോളിങ്. ബാക്കിയുള്ള ജില്ലകളില്‍ ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടക്കും. രണ്ടു ദിവസം കഴിഞ്ഞാല്‍ ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ ആര് ഭരിക്കുമെന്ന് അന്ന് അറിയാം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട പോളിങ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഡിസംബര്‍ 11ന് വോട്ടെടുപ്പ് നടക്കും. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു മൂന്ന് ഘട്ടമാക്കിയത്. ഇത്തവണ രണ്ട് ഘട്ടമായി ചുരുക്കി.കേരളത്തില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂര്‍ നഗരസഭാ പരിധിയിലും പെരുമാറ്റച്ചട്ടം ബാധകമാണ്. കേരളത്തില്‍ 941 ഗ്രാമ പഞ്ചായത്തുകളാണുള്ളത്. കോര്‍പറേഷനുകള്‍ ആറെണ്ണമാണ്. നഗരസഭകള്‍ 87 എണ്ണമുണ്ട്. 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളുമുണ്ട്.രാവിലെ ഏഴ് മണിക്ക് പോളിങ് തുടങ്ങും. വൈകീട്ട് ആറ് മണിവരെ പോളിങ് തുടരും. എല്ലാ പോളിങ് ബൂത്തിലും അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.

more news:റെയിൽവേ വർഗ്ഗീയതക്ക് കുടപിടിക്കരുത് :ഡി.ആർ.ഇ.യു.

തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, എസ്എസ്എല്‍സി ബുക്ക്, പ്രധാന ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്കുകള്‍ എന്നിവയെല്ലാം തിരച്ചറിയല്‍ രേഖയായി കണക്കാക്കും.വോട്ടെടുപ്പ് ദിവസം എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവധിയാകും. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തും. വോട്ടെടുപ്പിന്റെ രാവിലെ മോക് പോളിങ് നടത്തിയ ശേഷമാകും വോട്ടെടുപ്പ് തുടങ്ങുക. പ്രചാരണത്തിന് ഗ്രാമപഞ്ചായത്തുകളില്‍ ഒരു സ്ഥാനാര്‍ഥിക്ക് പരമാവധി 25000 രൂപ ചെലവഴിക്കാം. ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകള്‍ എന്നിവിടങ്ങളില്‍ 75000 രൂപ, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ഒന്നര ലക്ഷം എന്നിങ്ങനെയാണ് കണക്ക്.പരിധി വിട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം ചെലവഴിച്ചു എന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷത്തേക്ക് അയോഗ്യത കല്‍പ്പിക്കും.ഗ്രാമപഞ്ചായത്തില്‍ മല്‍സരിക്കുന്ന വ്യക്തി കെട്ടിവെക്കേണ്ടത് 2000 രൂപയാണ്.ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും 4000 രൂപ. കോര്‍പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും സ്ഥാനാര്‍ഥികള്‍ കെട്ടിവെക്കേണ്ടത് 5000 രൂപ. പട്ടിക ജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പകുതി തുക മാത്രം മതിയാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close