KERALAlocaltop newsVIRAL

വിവരാവകാശ അപേക്ഷകളില്‍ ഫീസ് അടക്കാന്‍ നിര്‍ദേശിച്ചില്ലെങ്കില്‍ രേഖകള്‍ സൗജന്യമായി നല്‍കണം – വിവരാവകാശ കമീഷണര്‍

കോഴിക്കോട് :

വിവരാവകാശ അപേക്ഷകളില്‍ രേഖകളുടെ പകര്‍പ്പ് ലഭിക്കുന്നതിന് ഫീസ് അടക്കാന്‍ വ്യക്തമായ അറിയിപ്പ് നിശ്ചിത സമയത്തിനകം നല്‍കിയില്ലെങ്കില്‍ രേഖകള്‍ സൗജന്യമായി നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ അപേക്ഷകളില്‍ രേഖകളുടെ പകര്‍പ്പിന് ഫീസടക്കാനുണ്ടെങ്കില്‍ പകര്‍പ്പിന്റെ പേജ് കണക്കാക്കി ഒരു പേജിന് മൂന്ന് രൂപ നിരക്കില്‍ മൊത്തം അടക്കേണ്ട തുകയും ഏത് അക്കൗണ്ടിലേക്കാണ് അടക്കേണ്ടതെന്നും വ്യക്തമാക്കിയുള്ള കത്ത് അപേക്ഷകര്‍ക്ക് നല്‍കണം. വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായി മറുപടി നല്‍കാതിരുന്നാല്‍ ഉദ്യോഗസ്ഥരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കി അപേക്ഷകര്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ ലഭിച്ച പരാതിയുടെ പകര്‍പ്പ് ഹരജിക്കാരിക്ക് നല്‍കാത്തതിനാല്‍ അവ എത്രയും പെട്ടെന്ന് ലഭ്യമാക്കണമെന്ന് കമീഷണര്‍ നിര്‍ദേശിച്ചു. വയനാട്ടിലെ തൊണ്ടനാട് പൊലീസ് സ്റ്റേഷനിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് സി.സി.ടി.വി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്ന പരാതിയില്‍ അവ രണ്ടാഴ്ചക്കകം നല്‍കാനും നിര്‍ദേശം നല്‍കി. കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ സമയബന്ധിതമായി ലഭിക്കുക എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണെന്ന് കമീഷണര്‍ പറഞ്ഞു.

കോഴിക്കോട് വൈദ്യുതി ഭവന്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍, തിരൂര്‍ പൊലീസ് സ്റ്റേഷന്‍, താമരശ്ശേരി പൊലീസ് സ്റ്റേഷന്‍, കാലിക്കറ്റ് സര്‍വകലാശാല, കോഴിക്കോട് പട്ടികവര്‍ഗ വികസന ഓഫീസ്, അഴിയൂര്‍ ഗ്രാമപഞ്ചായത്ത്, തിരൂരങ്ങാടി വില്ലേജ് ഓഫീസ്, താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഓഫീസ്, ഫറോക്ക് നഗരസഭ, പൊഴുതന വില്ലേജ് ഓഫീസ്, ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ സിറ്റിങ്ങില്‍ പരിഹരിച്ചു. നേരത്തെ കമീഷന്‍ താല്‍ക്കാലികമായി ശിക്ഷിക്കാന്‍ തീരുമാനിച്ച ഹരജികളും കൂടുതല്‍ വിശദീകരണം കേള്‍ക്കാനായി പരിഗണിച്ചു. സിറ്റിങ്ങില്‍ പരിഗണിച്ച 16 പരാതികള്‍ തീര്‍പ്പാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close