പത്തനംതിട്ട: ജില്ലയിലെ ഏക ഹരിത, ബജറ്റ് ഭവന നിര്‍മ്മാതാക്കളായ മാത്യു ആന്‍ഡ് സണ്‍സ്, മൈ ലുക്ക് മേക്കപ്പ് സ്റ്റുഡിയോയുമായി സഹകരിച്ച് അര കൈ താങ്ങ് എന്ന കാമ്പയിന്‍ ആരംഭിച്ചു. പത്തനംതിട്ടയില്‍ നടന്ന ചടങ്ങില്‍ ജില്ലാ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി റോസെലിന്‍ സന്തോഷ്, മാത്യു ആന്‍ഡ് സണ്‍സ് ഡെവലപ്പേഴ്‌സ് ഓപ്പറേഷന്‍സ് ഹെഡ് സുനില്‍ കൊരട്ടിക്കല്‍, മൈ ലുക്ക് മേക്കപ്പ് സ്റ്റുഡിയോ എന്നിവര്‍ ചേര്‍ന്നാണ് പരിപാടിക്കു തുടക്കം കുറിച്ചത്.കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ആളുകള്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ‘അര കൈ താങ്ങ്’ കാമ്പയിന്റെ ലക്ഷ്യം. കോവിഡ് ലോക്ക് ഡൗണ്‍ കാലയളവില്‍ പത്തനംതിട്ടയിലെ ആളുകള്‍ക്കായി ആരംഭിച്ച ഒരു സാമൂഹിക പിന്തുണാ സംവിധാനമാണിത്.
മാത്യു ആന്‍ഡ് സണ്‍സിനും മൈ ലുക്കിനും സാമൂഹിക ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സമര്‍പ്പിത ടീം നിലവില്‍ ഉണ്ട്. പ്രോഗ്രാമിന്റെ ഭാഗമായി, ഓരോ കുടുംബത്തിന്റെയും ആവശ്യമനുസരിച്ച് ടീം അവശ്യ ഭക്ഷണ പാക്കറ്റുകളും മറ്റ് അവശ്യവസ്തുക്കളും എത്തിച്ചു നല്‍കുന്നു. പ്രാദേശിക പഞ്ചായത്ത്, മുനിസിപ്പല്‍ പ്രതിനിധികളുമായി ചേര്‍ന്നാണ് അടിയന്തിര സഹായം ആവശ്യമുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഗുണഭോക്താക്കളുടെ പേരുവിവരങ്ങള്‍ പുറത്തുവിടാതെ സൂക്ഷിക്കുകയും ചെയ്യും.
”നിലവില്‍ പത്തരംതിട്ടയില്‍ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിലെ ലോക്ക് ഡൗണ്‍ കാരണം ധാരാളം കുടുംബങ്ങള്‍ ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്.മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ ആളുകള്‍ക്ക് പിന്തുണ നല്‍കേണ്ടത് അത്യാവശ്യമാണ്.ഈ സാഹചര്യത്തില്‍ ഇത്തരം ആളുകള്‍ സഹായഹസ്തവുമായി മുന്നോട്ട് വരുന്നതില്‍ വളരെ സന്തോഷമുണ്ടെന്നു’ പരിപാടിക്കു തുടക്കം കുറിച്ചുകൊണ്ട് പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി റോസെലിന്‍ സന്തോഷ് പറഞ്ഞു. ഈ കോവിഡ് സമയത്ത് പത്തനംതിട്ട മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഈ പ്രദേശത്തെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്, എന്നിരുന്നാലും ഇത്തരം സംഘടനകള്‍ ആളുകള്‍ക്ക് പിന്തുണ നല്‍കുന്നതു ഞങ്ങളുടെ ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും റോസെലിന്‍ സന്തോഷ് പറഞ്ഞു.
”ഈ മഹാമാരിയുടെ സമയത്ത് പത്തനംതിട്ടയിലെ ആളുകളുമായി ഞങ്ങള്‍ വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സാമൂഹ്യ പിന്തുണാ സംവിധാനമെന്ന നിലയില്‍ 2020 ജൂലൈ മാസത്തില്‍ ഞങ്ങള്‍ ആരംഭിച്ച ഒരു കാമ്പെയ്നാണ് ‘അര കൈ താങ്ങ്’. തുടക്കത്തില്‍ ഇത് ഒരു ഓണ്‍ലൈന്‍, ഫേസ്ബുക്ക് കാമ്പയ്ന്‍ ആയിരുന്നു; അവിടെ ഞങ്ങളുടെ പിന്തുണ ആവശ്യമുള്ള നിരവധി ആളുകളിലേക്ക് എത്തിച്ചേരാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. കാമ്പയ്ന്റെ വിജയവും സമയത്തിന്റെ ആവശ്യകതയും കണക്കിലെടുത്ത്, ഇന്ന് ഞങ്ങള്‍ ഈ മേഖലയിലെ രണ്ടാം ഘട്ട കാമ്പെയ്ന്‍ ആരംഭിച്ചുവെന്ന് മാത്യു ആന്‍ഡ് സണ്‍സ് ഡെവലപ്പേഴ്‌സ് സിഇഒ അനില്‍ മാത്യൂസ് പറഞ്ഞു. പത്തനംതിട്ടയിലെയും സമീപ പ്രദേശങ്ങളായ വെട്ടിപുരം, മൈലാപ്ര, കടമ്മനിട്ട എന്നിവിടങ്ങളിലേക്കും എത്തിച്ചേരാന്‍ ഈ കാമ്പയ്ന്‍ ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.