KERALAlocalOtherstop newsVIRAL

സംസ്ഥാന മനുഷ്യാവകാശ കമീഷനെ വെല്ലുവിളിച്ച മാനാഞ്ചിറ അംബിക തട്ടുകടയ്ക്ക് ഹൈകോടതി വിധിയോടും പുല്ലുവില !

* "ആദൃശ്യ ശക്തി" യുടെ സംരക്ഷണം

 

കോഴിക്കോട് : മാനാഞ്ചിറ പട്ടാളപ്പള്ളിയോട് ചേർന്ന നടപ്പാത കൈയേറി സ്ഥാപിച്ച പെട്ടിക്കട നീക്കം ചെയ്യുന്നത് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞ ഹൈകോടതി, സ്റ്റേ നടപടികൾ റദ്ദ് ചെയ്ത് കേസിൽ വിധി പ്രസ്താവിച്ചിട്ടും നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് തട്ടുകട അതേ സ്ഥലത്ത് തുടരുന്നു. കഴിഞ്ഞ മാർച്ചിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ്റെ ഉത്തരവ് പ്രകാരം നഗരസഭയും പോലിസും ചേർന്ന് ഒഴിപ്പിച്ച തട്ടുകട ദിവസങ്ങൾക്കകം അതേ സ്ഥലത്ത് തിരിച്ചെത്തിയിരുന്നു.

തെരുവു കച്ചവട സംരക്ഷണ നിയമത്തിൻ്റെ അടിസ്ഥാന പ്രകാരം രൂപീകരിച്ച സംസ്ഥാന കമ്മിറ്റി ചെയർമാൻ എം.എ.നി സാർ ഇടപെട്ടാണ് തട്ടുകട തിരിച്ചെത്തിച്ചത്. തുടർന്ന് ഇല്ലാത്ത അധികാരം പ്രയോഗിച്ചതായി ചൂണ്ടിക്കാട്ടി തെരുവു കച്ചവട സംരക്ഷണ
സംസ്ഥാന കമ്മിറ്റി ചെയർമാനെതിരെ മനുഷ്യാവകാശ കമ്മിഷൻ വിശദീകരണ നോട്ടിസ് നൽകി. തുടർന്നാണ് അംബിക, ഷംസുദ്ദീൻ തുടങ്ങി ഏതാനും പേർ ചേർന്ന് മെയ് മാസത്തിൽ ഹൈകോടതിയെ സമീപിച്ചത് . പട്ടാളപ്പള്ളിക്ക് സമിപം തിരിച്ചെത്തിയ തങ്ങളെ ഒഴിപ്പിക്കാൻ നഗരസഭ ശ്രമിക്കുന്നു എന്ന പരാതിയിൽ ഹൈകോടതി ഒഴിപ്പിക്കൽ നപടികൾ താത്ക്കാലികമായി സ്റ്റേ ചെയ്തു. പല തവണ നീട്ടിവച്ച ശേഷമാണ് ഡിസംബർ നാലിന് ഹൈകോടതി അന്തിമവിധി പ്രസ്താവിച്ചത് . അംബിക അടക്കമുള്ളവരുടെ തട്ടുകട ഒഴിപ്പിച്ചിട്ടില്ലെന്നും പൊതുജന പരാതി പ്രകാരം ഇടപെട്ട സംസ്ഥാന മനുഷ്യാവകാശ കമീഷൻ്റെ നിർദ്ദേശപ്രകാരം നടപ്പാതയിലെ തട്ടുകടകൾ കിഡ്സൻ കോർണറിന് സമീപം ഒഴിഞ്ഞ ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചതാണെന്ന് നഗരസഭ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ച ഹൈകോടതി, തട്ടുകടകൾ ഒഴിപ്പിച്ചിട്ടില്ലെന്നും നിയമം അനുശാസിക്കുന്ന തരത്തിൽ മാറ്റി സ്ഥാപിക്കുക മാത്രമെ ചെയ്തിട്ടുള്ളൂവെന്നും ഇക്കാരണങ്ങൾ കണക്കിലെടുത്ത് ഇടക്കാല സ്റ്റേ റദ്ദ് ചെയ്തതായും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

എന്നാൽ ഹൈകോടതി വിധി പ്രസ്താവിച്ചിട്ട് നാല് ദിവസമായിട്ടും നടപ്പാതയിലെ അനധികൃത തട്ടുകട അവിടെ തന്നെ തുടരുകയാണ്. ഹൈകോടതി വിധിയനുസരിച്ച് കടകൾ കിഡ്സൻ കോർണർ ഭാഗത്തായി നഗരസഭ മുൻപ് അനുവദിച്ച സ്ഥലത്തേക്ക്  മാറ്റി സ്ഥാപിക്കണം. എന്നാൽ തട്ടുകടയുടെ ഒരു ഭാഗത്തെ മാത്രം ഷട്ടർ തുറന്ന് രഹസ്യമായാണ് കച്ചവടം. കോടതി വിധി പറഞ്ഞെങ്കിലും നേതാക്കൾ ഇടപെട്ട് പരിഹരിച്ചുവെന്നാണ് കട നടത്തിപ്പുകാരുടെ നിലപാട്. ഭരണപക്ഷ ഉന്തുവണ്ടി സംഘടനയുടെ നേതാവാണ് തട്ടുകട ഉടമ അംബിക . ഇവർക്ക് മാനാഞ്ചിറ പരിസരത്ത് അര ഡസനിലധികം പെട്ടിക്കടകൾ ഉണ്ടത്രെ. പട്ടാളപ്പള്ളി മുതൽ കിഡ്സൺ കോർണർ വരെ റോഡിൽ ഇൻ്റർലോക്ക് കട്ട വിരിക്കുകയാണ്. എന്നാൽ അംബികയുടെ തട്ടുകട ഇരിക്കുന്ന ഭാഗം ഒഴിവാക്കിയാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്. ഹൈകോടതി വിധിയനുസരിച്ച് പെട്ടിക്കട യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യുകയും കടയിരിക്കുന്ന ഫുട്പാത്തടക്കം നവീകരിച്ച് മുഴുവനായും കാൽനട യാത്രക്കാർക്ക് വിട്ടുകൊടുക്കണമെന്നും ആവശ്യം ഉയർന്നു. ഫുട്പാത്തിലെ അനധികൃത തട്ടുകടകൾ നീക്കാൻ സുപ്രീം കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. എന്നാൽ ഏതോ ” അദൃശ്യ ശക്തി” യുടെ സംരക്ഷണമുള്ള അംബികയുടെ തട്ടുകടയ്ക്ക് ഇതൊന്നും ബാധകമല്ലെന്നതാണ് അവസ്ഥ.      ചിത്രം – ഹൈകോടതി വിധി മറികടക്കാൻ കടയുടെ ഷട്ടർ തുറക്കാതെ നടത്തുന്ന കച്ചവടം – ഡിസംബർ ആറിന് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close