
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.നിയമം നിയമത്തിന്റെ വഴിക്ക് പോകും. രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വിലയിരുത്താം. പരാതി എനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയല്ലോ. ആസൂത്രിതമായ പരാതിയാണത്. എന്തായിരുന്നു അതിന്റെ ലക്ഷ്യം? കോടതിവിധി ഞാന്‍ കണ്ടു. ജനങ്ങള്‍ വിലയിരുത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിലാണ് പ്രശ്നസാധ്യതാ ബൂത്തുകള്‍ ഏറെയുളളത്. കണ്ണൂരില്‍ നിന്നാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ സംരക്ഷണം ആവശ്യപ്പെട്ട് എത്തിയതെന്നും ഇവിടുത്തെ ഭരണാധികാരികളുടെയും സിപിഐഎം നേതാക്കളുടെയും കണ്ണ് തുറപ്പിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും സണ്ണി ജോസഫ് എടുത്തു പറഞ്ഞു.
ഐക്യജനാധിപത്യ മുന്നണി തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വലിയ ജനവിധിയുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. അതേസമയം ശബരിമലയിലെ കൊളളയില്‍ പ്രതികളാക്കപ്പെട്ടവര്‍ക്ക് ഭരണകക്ഷി സംരക്ഷണം നല്‍കുകയാണെന്നും ജയിലില്‍ കഴിയുന്ന സിപിഐഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി ചെറിയ അച്ചടക്ക നടപടി പോലും സ്വീകരിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് തുറന്നടിച്ചു. കൂടുതല്‍ ഉന്നതരായ പ്രതികളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിനിടയില്‍ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്. ജനങ്ങള്‍ പ്രതിഷേധത്തിലാണ്. വിലക്കയറ്റം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, തൊഴിലില്ലായ്മ, അക്രമരാഷ്ട്രീയം, വന്യമൃഗ ശല്യം, തീരദേശ മേഖലയുടെ പ്രതിസന്ധി, അഴിമതി ഇതെല്ലാം സര്‍ക്കാരിനെതിരെ ജനങ്ങളെ ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ്. തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ വലിയ ജനവിധിയുണ്ടാകുമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.




