
കോഴിക്കോട്: വർധിത വീര്യത്തോടെ അഞ്ച് വർഷം നടത്തിയ പരസ്പര പോരാട്ടത്തിനൊടുവിൽ സ്നേഹോഷ്മള പുകഴ്ത്തലുമായി കോഴിക്കോട് നഗരസഭാ കൗൺസിലർമാർ അധികാരത്തിൻ്റെ പടിയിറങ്ങി. 2020- 25 വർഷത്തെ അവസാന കൗൺസിൽ യോഗമായിരുന്നു വെള്ളിയാഴ്ച്ച . അജണ്ടകളുടേയും വ്യത്യസ്ത നിലപാടുകളുടെയും പേരിൽ പരസ്പരം അഞ്ച് വർഷക്കാലം പോരടിച്ച ഭരണ- പ്രതിപക്ഷ കൗൺസിലർമാർ എല്ലാം മറന്ന് പരസ്പരം നന്ദി പറഞ്ഞായിരുന്നു വിടപറയൽ പ്രസംഗം. പ്രത്യേക കൗൺസിലിനു ശേഷം നടന്ന യാത്രയയപ്പ് യോഗത്തിലായിരുന്നു വികാരനിർഭരമായ വാക്കുകൾ. അധ്യക്ഷയായ മേയർ ഡോ. ബീന ഫിലിപ്പാണ് തുടക്കമിട്ടത് . ” പല അഭിപ്രായ വ്യത്യാസങ്ങളും നമ്മൾ തമ്മിലുണ്ടായി. പക്ഷേ വികസന വിഷയത്തിൽ എല്ലാവർക്കും ഒരേ സ്വരമായി. ഒരു വിട്ടിൽ തന്നെ അഭിപ്രായ വ്യത്യാസ മുണ്ടാവാറില്ലേ. പക്ഷെ കമ്മറ്റികളിൽ നാം ഒപ്പം നിന്നു. ഒപ്പമാണ് നാം സഞ്ചരിച്ചത്. ഈ ഒപ്പം സഞ്ചരിക്കുന്ന നിലപാടാണ് ജനാധിപത്യം. തുല്യരായ നമ്മിൽ ഒരാൾ മാത്രമാണ് മേയറെന്ന ഞാൻ . ഒരാൾക്കുമെതിരെ ഒരു കുറിപ്പുമെഴുതരുത്, ഒരു അച്ചടക്ക നടപടിയും എടുക്കാൻ ഇടവരരുത് – ഇതായിരുന്നു എൻ്റെ പ്രാർത്ഥന . 75 കൗൺസിലർമാരിൽ രാജിവച്ച അൽഫോൻസയും, റംലത്തും ഇന്ന് നമ്മോടൊപ്പമില്ല. ഇത്തവണയും മത്സര രംഗത്തുള്ള അവർ അടുത്ത കൗൺസിലിൽ ഉണ്ടാകും എന്ന് വിശ്വസിക്കാം. നമ്മുടെ 75 പേരുടേയും സ്വഭാവത്തിനുമേൽ ആരും ഒരു കരിമഷിയും പൂശിയില്ല, പൂശാൻ ഇടവന്നില്ല . നിരവധി പദ്ധതികൾ തുടങ്ങി വച്ചിട്ടാണ് നാം പോകുന്നത്. ഇപ്പോഴത്തെ ഡെപ്യൂട്ടി മേയർ സി.പി. മുസഫിർ അഹമ്മദിൻ്റെ നേതൃത്വത്തിൽ അടുത്ത കൗൺസിലിന് നമ്മേക്കാളധികം ചെയ്യാൻ ഇടവരട്ടെ . വിപ്ലവം കുത്തിവയ്ക്കാൻ കൗൺസിലർ സി.പി ഹമീദിനെ പോലുള്ളവർ ശ്രമിച്ചത് തൻ്റെ സ്വഭാവത്തിൽ ചെറുമാറ്റങ്ങൾ വരുത്തി. 62 കഴിഞ്ഞപ്പോഴാണ് മേയറായത്. അതിനാൽ ഒരുപാടൊന്നും മാറാനാവില്ല – ഡോ. ബീന ഫിലിപ്പ് പറഞ്ഞു. 1988 മുതൽ അഞ്ച് തവണ കൗൺസിലറായ തനിക്ക് നഗരത്തിന് വേണ്ടി എന്തൊക്കയോ ചെയ്യാനായെന്ന് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. ദിവാകരൻ പറഞ്ഞു. എല്ലാ വീടുകളിലും പകൽവീട് യാഥാർത്ഥ്യമാക്കാൻ അടുത്ത കൗൺസിൽ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു. അഞ്ച് തവണ കൗൺസിലറായ എൻ.സി മോയിൻകുട്ടി കൗൺസിൽ ഓർമ്മകൾ അയവിറക്കി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ, കൗൺസിലർമാരായ എം.സി സുധാമണി, എസ്.കെ . അബൂബക്കർ, അഡ്വ.സി.എം. ജംഷീർ, കെ. മൊയ്തീൻ കോയ, പി.ടി. നാസർ, ടി.റെനീഷ് , സി.എസ് സത്യഭാമ,നവ്യഹരിദാസ് , കെ.സി ശോഭിത , സി.പി സുലൈമാൻ, ഡോ. പി. എൻ അജിത, ഡെപ്യൂട്ടി സെക്രട്ടറി ഹരീഷ് എന്നിവർ സംസാരിച്ചു. ഓർമ്മക്കായി മുഴുവൻ കൗൺസിലർമാർക്കും തേക്കിൻ തൈ സമ്മാനിച്ചു. നീക്കിയിരിപ്പ് 150 കോടിയോളം : 2024-25 വർഷത്തെ പുതുക്കിയ ധനകാര്യ പത്രിക കൗൺസിൽ അംഗീകരിച്ചു. മുൻ വർഷത്തെ നീക്കിയിരിപ്പായ 125.23 കോടിയും നടപ്പുവർഷത്തെ വരവിനത്തിൽ 314.31 കോടിയടക്കം 439.54 കോടിരുപയിൽ നിന്ന് ചെലവിനത്തിലെ 290.13 കോടി കഴിച്ചുള്ള 149.40 കോടി രൂപയാണ് 2025 നവംബർ 30 വരെയുള്ള നീക്കിയിരിപ്പ്.




