
കോഴിക്കോട് : പതിറ്റാണ്ടുകളായി എൽ ഡി എഫ് കുത്തകയാക്കി വച്ച കോഴിക്കോട് നഗരസഭയിൽ ഇത്തവണ കേവല ഭൂരിപക്ഷം പോലും ലഭിക്കാതെ എൽഡിഎഫ് ഊർധ്വശാസം വലിക്കാൻ കാരണം ഭരണ വിരുദ്ധ വികാരത്തിന് പുറമെ തെരഞ്ഞെടുപ്പ് ഫണ്ട് പിരവ് കൂടിയെന്ന് രാഷ്ട്രീയ വിമർശനം. കേവലം അഞ്ച് മുതൽ 200 ഓളം വോട്ടുകൾക്കാണ് 13 സീറ്റുകൾ എൽഡിഎഫിന് ഇക്കുറി നഷ്ടപ്പെട്ടത്. അതും കൂടി ലഭിച്ചിരുന്നെങ്കിൽ നിലവിലെ 35 സീറ്റ് 48 ആക്കി ഉയർത്തുക വഴി ഇക്കഴിഞ്ഞ കൗൺസിലേത് പോലെ മൃഗീയ ഭൂരിപക്ഷം ലഭിക്കുമായിരുന്നു എന്നാണ് നിരീക്ഷണം. വോട്ടു തേടി വീട്ടുകൾ കയറിയിറങ്ങിയ എൽഡിഎഫ് പ്രാദേശിക നേതൃത്വം വീടുകളിൽ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട് കൂടി പിരിച്ചിരുന്നു. യു ഡി എഫോ, എൻഡിഎ യോ തെരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചിട്ടില്ല. അതേ സമയം ഭരണപക്ഷം ആയതിനാൽ ഫണ്ടിന് പഞ്ഞമില്ലാത്ത എൽഡിഎഫ് തെരഞ്ഞെടുപ്പ് സമയത്ത് പണം പിരിച്ചത് ഒരു പാട് നിഷ്പക്ഷമതികളെ മാറ്റി ചിന്തിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പണവും വോട്ടും കൂടി കൊടുക്കേണ്ട എന്ന നിലപാടിൽ വോട്ടു ചോർച്ച സംഭവിച്ചതായി പാർട്ടി വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നു. വോട്ടിന് പുറമെ ഇനി പണവും വേണോ എന്ന് ചോദിച്ച നിരവധി കുടുംബങ്ങൾ ഉണ്ടെന്ന് അവർ ഓർക്കുന്നു. തെരഞ്ഞെടുപ്പ് സമയത്തെ ആ പണ പിരിവ് ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇത്തവണ കേവല ഭൂരിപക്ഷം പോലും നേടാനാവാതെ തല താഴ്ത്തേണ്ടി വരില്ലായിരുന്നു എന്ന് ചിന്തിക്കുന്ന ധാരാളം പേർ പാർട്ടിയിലുണ്ട്. വെറും അഞ്ച് സീറ്റുകൾക്കാണ് വെസ്റ്റ്ഹില്ലിൽ എൽഡിഫ് സ്ഥാനാർത്ഥി പരാജയപ്പെട്ടത്. ഭൂരിപക്ഷ വോട്ടിൻ്റെ പകുതി നേടിയാൽ വിജയികൾ മാറി മറിയുമായിരുന്നു. നേരിയ ഭൂരിപക്ഷത്തിന് എൽഡി എഫ് പരാജയപ്പെട്ട വാർഡുകൾ താഴെ – 1) വാർഡ് – 13 സിവിൽ സ്റ്റേഷൻ. NDA – 1444 , LDF – 1433, വ്യത്യാസം = 11 . 2) വാർഡ് – 15 വെള്ളിമാടുകുന്ന്. UDF – 1784, LDF-1770 ,വ്യത്യാസം = 14. ‘ 3) വാർഡ് 40 തിരുവണ്ണൂർ – UDF- 2227 , LDF- 2162, വ്യത്യാസം –65. 4)വാർഡ് – 41 അരീക്കാട് നോർത്ത് – UDF- 2135, LDF – 1988, വ്യത്യാസം – 147. 5) വാർഡ് – 49 ബേപ്പൂർ. NDA -2520, LDF- 2507 വ്യത്യാസം – 7. 6) വാർഡ് – 55 പയ്യാനക്കൽ – UDF – 1695, LDF 1661 വ്യത്യാസം = 34. 7) വാർഡ് – 56 നദീനഗർ – UDF- 2223, LDF – 2216- വ്യത്യാസം = 7. 8) വാർഡ് – 57 ചക്കുംകടവ് – UDF-2429, LDF- 2226 , വ്യത്യാസം = 203, ‘ 9) വാർഡ് – 60 ചാലപ്പുറം – NDA – 734, LDF – 601 വ്യത്യാസം = 133 10) വാർഡ് – 64 തിരുത്തിയാട് – NDA = 1 171, LDF = 1050 വ്യത്യാസം = 121– 11) വാർഡ് 65 എരഞ്ഞിപ്പാലം- UDF – 997, LDF-883 വ്യത്യാസം= 114. 12) വാർഡ് – 71 ഈസ്റ്റ്ഹിൽ – UDF- 1209, LDF = 1124 വ്യത്യാസം : 85 13) വാർഡ് – 73 വെസ്റ്റ് ഹിൽ– UDF = 1896, LDF = 1891 വ്യത്യാസം = അഞ്ച്.




