കോഴിക്കോട്:അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെ പ്രതീകമായി മാറുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. രാജ്യത്ത് മതസൗഹാര്‍ദ്ദവും ശാന്തിയും സമാധാനവും സൃഷ്ടിക്കാന്‍ ക്ഷേത്രത്തിന് സാധിക്കുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
ഭാരതത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും സ്വത്ത്വമാണ് ശ്രീരാമന്‍. പ്രധാനമന്ത്രി അയോദ്ധ്യയില്‍ ക്ഷേത്രശിലാസ്ഥാപനം നടത്തിയപ്പോള്‍ അത് ദേശീയോത്സവമായി മാറിയത് രാമനോട് ഭാരതീയര്‍ക്കുള്ള ആത്മബന്ധത്തിന്റെ തെളിവാണ്. ഒരുകാലത്ത് രാമക്ഷേത്രത്തെ എതിര്‍ത്തിരുന്നവര്‍ ഇപ്പോള്‍ അനുകൂലിക്കുകയും ക്ഷേത്ര നിര്‍മ്മാണത്തില്‍ ഭാഗമാവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നത് നല്ലകാര്യമാണ്. ഇതിനെ ബി.ജെ.പി സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിന്നും ആയിരക്കണക്കിന് കര്‍സേവകരാണ് രാമജന്മഭൂമിയുടെ മോചനത്തിനായി അയോദ്ധ്യയിലേക്ക് പോയത്.
കേരളം രാമക്ഷേത്ര ശിലാസ്ഥാപനത്തിന് നല്‍കിയ പിന്തുണ ആ കര്‍സേവകരുടെ ആത്മസമര്‍പ്പണത്തിന്റെ വിജയം കൂടിയാണ്. ക്ഷേത്ര നിര്‍മാണത്തിന് പിന്തുണ പ്രഖ്യാപിച്ച എല്ലാ മലയാളികള്‍ക്കും നന്ദി പറയുന്നു. സംസ്ഥാനത്ത് നല്ല മാറ്റത്തിനു ഇത് ഇടയാക്കും.