BusinessKERALAlocaltop news

കൗതുകമുണര്‍ത്തി നാടന്‍ പശുക്കളുടെ പ്രദര്‍ശനം ആകാരത്തില്‍ ഭീമന്‍ ഗിര്‍, കുള്ളന്മാര്‍ പുങ്കന്നൂരും, വെച്ചൂരും, കാസര്‍ഗോഡനും

 

കോഴിക്കോട്: കൗതുകമുണര്‍ത്തി നാടന്‍ പശുക്കളുടെ അപൂര്‍വ്വ പ്രദര്‍ശനം. സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററിലെ വര്‍ഗീസ് കുര്യന്‍ നഗറില്‍ ഒരുക്കിയ പ്രദര്‍ശനമാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. ഗുജറാത്തില്‍ നിന്നുള്ള ഗിര്‍, ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നുള്ള പുങ്കന്നൂര്‍, ഗുജറാത്തില്‍ നിന്നുള്ള കാണ്‍ക്രജ്, വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള കൃഷ്ണവാലി, മഹാരാഷ്ട്രയില്‍ നിന്നുള്ള കപില, രാജസ്ഥാനില്‍ നിന്നുള്ള രാത്തി, പഞ്ചാബ് – ഹരിയാന മേഖലയില്‍ നിന്നുള്ള ഷാഹിവാല്‍, താര്‍ മരുഭൂമി പ്രദേശത്തു നിന്നുള്ള താര്‍പാര്‍ക്കര്‍, കേരളത്തിന്റെ സ്വന്തം ഇനങ്ങളായ വെച്ചൂര്‍, കാസര്‍കോട് കുള്ളന്‍, , റെഡ് സിന്ധി എന്നീ ഇനങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.

ഉരുണ്ട നെറ്റിയും നീണ്ടു പിരിഞ്ഞു കിടക്കുന്ന ചെവിയുമുള്ള ഗിര്‍ ഇനങ്ങളിലുള്ള പശുക്കളാണ് ഏറെ കൗതുകമുണര്‍ത്തുന്നത്. ദേശന്‍, ഭോദ, കത്തിയവാരി, സൂര്‍ത്തി എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നുണ്ട്. പ്രതിദിന പാലുത്പാദനം 6 മുതല്‍ എട്ടു ലിറ്റര്‍ വരെയാണ്. വലുപ്പത്തിലും ആകാരത്തിലും ഗിര്‍ മുന്നിട്ടു നില്‍ക്കുന്നുവെങ്കില്‍ ഏറ്റവും കുള്ളന്മാരാണ് ആന്ധ്രയില്‍ നിന്നുള്ള പുങ്കന്നൂരും കേരളത്തിന്റെ നാടന്‍ ഇനങ്ങളായ വെച്ചൂരും കാസര്‍കോഡ് കുള്ളനും. 97 സെന്റീമീറ്റര്‍ മാത്രമാണ് പുങ്കന്നൂരിന്റെ ശരാശരി ഉയരം. പ്രതിദിന പാലുത്പാദനം ശരാശരി രണ്ട് ലിറ്ററും. കൃഷ്ണവാലിയും പാലുത്പാദനത്തില്‍ നന്നേ പിറകിലാണ്, മൂന്നു ലിറ്റര്‍. കൃഷി ആവശ്യത്തിനും ഭാരം വലിക്കുന്നതിനുമാണ് ഇവയെ പ്രധാനമായും ഉപയോഗിക്കുന്നത്.

പശുക്കള്‍ക്കു പുറമെ ആടുകളും പ്രദര്‍ശനത്തിലുണ്ട്. ജമ്‌നപ്യാരി, സിരോഹി, കനേഡിയന്‍ പിഗ്മി, സില്‍ക്കി ഗോട്ട് എന്നിവയാണ് ആടുകളുടെ വിഭാഗത്തില്‍ ഉള്ളത്. ശരീരം മുഴുവന്‍ നീളം കൂടിയ മൃദുവായ രോമങ്ങള്‍ ആകര്‍ഷകമായ രൂപം ശാന്തമായ സ്വഭാവം എന്നിവയാണ് സില്‍ക്കി ഗോട്ടിന്റെ പ്രത്യേകത. വളരെ ചെറുതാണ് കനേഡിയന്‍ പിഗ്മി. ശാന്ത സ്വഭാവക്കാരനായ ഇതിനെ വളരെ കുറഞ്ഞ സ്ഥലത്ത് വളര്‍ത്താനാവും. രോഗ പ്രതിരോധ ശേഷി ഏറെയുള്ള ഇനമാണ് സിരോഹിയ. ചൂടുള്ളതും വരണ്ടതുമായ പ്രദേശത്തും ഇവ അതിജീവിക്കും. വലിയ ശരീരവും നീളമുള്ള കാലുകളും ചെവികളുമുള്ള ഇനമാണ് ജമ്‌നപ്യാരി. ഇന്ത്യന്‍ ആടുകളില്‍ ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന ഇനവും ഇതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close