
കോഴിക്കോട്:
ഡിജിറ്റൽ അറസ്റ്റിലാണെന്നും മറ്റും പറഞ്ഞു കോഴിക്കോട് സ്വദേശിനിയെ ഭീഷണിപ്പെടുത്തി, മുപ്പത്തിയാറു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശികളായ നാലു പേരെ കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. 2025 ഡിസംബർ മാസം സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട പ്രതികളെ കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ പവിത്രന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ അസി കമ്മിഷണർ ജി ബാലചന്ദ്രന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ കെ കെ ആഗേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കേസിലെ പരാതിക്കാരിയുടെ പണം തട്ടിയെടുക്കുന്നതിനു വേണ്ടി ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമയും, തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു കൊടുക്കുന്ന സംഘത്തിലെ അംഗങ്ങളുമായ കോഴിക്കോട് പാറോപ്പടി സ്വദേശിയായ ഹരിപ്രസാദ് .കെ (35), കല്ലായി സ്വദേശിയായ ഫാസിൽ (35 ),അത്താണിക്കൽ സ്വദേശിയായ ഷിഹാബ്.കെ.വി (43), മലാപ്പറമ്പ് സ്വദേശിയായ റബിൻ എ ( (35) എന്നിവരാണ് പിടിയിലായത്. പ്രതികളെ കോഴിക്കോട് സി ജെ എം കോടതി മുൻപാകെ ഹാജരാക്കി.
കേസിലെ പരാതിക്കാരിയുടെ ആധാർ കാർഡ് ഉപയോഗിച്ച് മുംബൈ കനറാ ബാങ്കിൽ ആരോ ബാങ്ക് അക്കൌണ്ട് തുടങ്ങി എന്നും ,
ആ ബാങ്ക് അക്കൗണ്ട് വഴി നരേഷ് ഗോയൽ എന്നയാളുടെ പേരിലുള്ള തട്ടിപ്പു സംഘം നാലു കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടത്തിയിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഡിജിറ്റൽ അറസ്റ്റിലാണെന്നും മറ്റും പറഞ്ഞ് മുംബൈയിലെ കൊളാബ പോലീസ് സ്റ്റേഷനിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ചും, അവരുടെ പേരിലുള്ള വിവിധ ബാങ്ക് ഭീഷണിപ്പെടുത്തിയും അക്കൗണ്ടുകളിൽ നിന്നായി 36,00,000/- (മുപ്പത്തിയാറു ലക്ഷം രൂപ) തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
വിദേശ ബന്ധങ്ങൾ ഉള്ളതായി മനസ്സിലാക്കിയ ഈ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പു കേസിന്റെ ആദ്യത്തെ ലെയറിൽ ഒരു കേരള ബാങ്ക് അക്കൗണ്ട് വന്നു എന്നതും, വലിയ തുകകൾ കമ്മീഷനായി വാഗ്‌ദാനം ചെയ്ത് ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ച് ഓൺലൈൻ തട്ടിപ്പുകാർക്ക് നൽകുന്ന വലിയ സംഘങ്ങൾ ഇതിൻ്റെ പുറകിൽ ഉണ്ടോ എന്നതും, സൈബർ തട്ടിപ്പുകളിലൂടെ എത്തുന്ന പണം തട്ടിപ്പുകാർക്ക് സഹായകരമായ രീതിയിൽ ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറ്റം ചെയ്യുകയോ പിൻ വലിച്ചു കൊടുക്കുകയോ ചെയ്യുന്ന കൊടുക്കുന്ന വലിയ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും കോഴിക്കോട് സൈബർ പോലീസ് പരിശോധിച്ചു വരുന്നു.അനേഷണ സംഘത്തില്‍ :
പോലീസ് ഇന്‍സ്പെക്ടര്‍ ആഗേഷ് കെകെ, സബ് ഇന്‍സ്പെക്ടര്‍ ജമേഷ് ജെ, വിനോദ് കുമാര്‍ ടി എം, അസി സബ് ഇന്‍സ്പെക്ടര്‍ ജിതേഷ്, രാജേഷ് സി, ബീരജ് കുന്നുമ്മല്‍, സി.പി.ഓ മാരായ ബിജു വി, അഖിലേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിൻറെ ഇരയാകുകയാണെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ www.cybercrime.gov.in
എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതാണ്
0
+




