
കോഴിക്കോട്: വേദാചാര്യന്‍ ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന് ഏപ്രില്‍ 17 മുതല്‍ 26 വരെ അതിരാത്രം നടത്തും. ചരിത്രത്തില്‍ ആദ്യമായാണ് കോഴിക്കോട് അതിരാത്രം സംഘടിപ്പിക്കുന്നത്. കക്കോടി വേദമഹാമന്ദിരത്തില്‍ വെച്ചായിരിക്കും അതിരാത്രം നടക്കുക.
ശ്രൗതയാഗങ്ങളില്‍ പ്രധാനപ്പെട്ടതും ദൈർഘ്യമേറിയതുമാണ് അതിരാത്രം. 2014ല്‍
കാശ്യപാശ്രമം വിപുലമായ രീതിയില്‍ അഗ്നിഷ്ടോമ സോമയാഗം സംഘടിപ്പിച്ചിരുന്നു. അഗ്നിഷ്ടോമത്തിനു ശേഷം ചെയ്യുന്നതാണ് അതിരാത്രം. പകല്‍ തുടങ്ങുന്ന സോമയജ്ഞക്രിയകള്‍ രാത്രിയിലും തുടര്‍ന്ന്, പിറ്റേന്ന് വരെ നീണ്ടുനില്‍ക്കുന്നതിനാല്‍- രാത്രിയെ അതിക്രമിക്കുന്നത് എന്ന അര്‍ഥത്തിലാണ് അതിരാത്രം എന്ന പേരുവന്നത്. അഗ്നിഷ്ടോമത്തില്‍ പ്രാതഃസവനം, മാധ്യന്ദിനസവനം, തൃതീയ സവനം എന്നിങ്ങനെ പകല്‍ മൂന്ന് നേരങ്ങളില്‍ നടക്കുന്ന സോമാഹുതികളാണുള്ളത്. എന്നാല്‍ അതിരാത്രത്തില്‍ രാത്രി
യിലും വിശേഷസവനം നടക്കുന്നു. ഇത് അതിരാത്രത്തെ വളരെ വിശേഷപ്പെട്ടതാക്കിത്തീര്ക്കുന്നു.
അതിരാത്രം ഉള്‍പ്പെടുന്ന ദ്രവ്യയജ്ഞങ്ങളുടെയെല്ലാം പ്രാഥമികപ്രയോജനം എങ്ങനെ
പ്രപഞ്ചസൃഷ്ടി നടന്നൂവെന്നതിന്റെ പുനരാവിഷ്കരണമാണ്. കൂടാതെ ആധ്യാത്മികമായ വിജ്ഞാനത്തെ അറിയിക്കലും ഈ യാഗത്തിന്റെ പ്രയോജനമാണ്. എന്നാല്‍ ഇതു
കൂടാതെ, പ്രകൃതിയുടെ താളത്തെ വീണ്ടെടുക്കല്‍, ആധ്യാത്മികോന്നതി കൈവരിക്കല്‍, സാമാജിക ഐക്യം വീണ്ടെടുക്കല്‍ തുടങ്ങി അതിരാത്രത്തിന്റെ അനേകം ഫലങ്ങള്‍
ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ജാതിലിംഗഭേദമന്യേ ഏവര്‍ക്കും അതിരാത്രത്തില്‍ പ്രവേശനമുണ്ടായിരിക്കും. യാഗസംസ്കാരവുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ ഉണ്ടായ ഗണിത-ജ്യോതിശ്ശാസ്ത്ര വളര്‍ച്ചയുടെ ചരിത്രത്തെ യാഗഭൂമിയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ അതിരാത്രം പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തി ഗവേഷണത്തിന് ഉതകുംവിധം
സംരക്ഷിക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 79070 80682, 81569 72558, 0495 2961151.




