
കോഴിക്കോട് : സൈലം ട്യൂഷൻ സ്ഥാപനത്തിൻ്റെ കരിക്കാം കുളത്തെ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മാനഭംഗപ്പെടുത്തിയ കേസിൽ യുവാവിനെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മലാപ്പറമ്പ് പാച്ചാക്കിൽ സ്വദേശി പൗർണമി ഹൗസിൽ കെ.പി. ഗൗതമിനെ ( 26 ) യാണ് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകളടക്കം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടന്നിട്ടും, സ്ഥാപനത്തിൻ്റെ പേര് മോശമാകാതിരിക്കാനെന്ന പേരിൽ സംഭവം മൂടിവയ്ക്കാൻ നടത്തിപ്പുകാർ ശ്രമിച്ചത് വിവാദമായിരുന്നു. അതിക്രമം വിശദീകരിക്കാതെ പേരിനൊരു പരാതിയാണ് സൈലം നടത്തിപ്പുകാർ ആദ്യം നൽകിയത്. പിന്നീട് ഇത് വിവാദമായ ശേഷം ഹോസ്റ്റലിൻ്റെ വാർഡൻ സ്റ്റേഷനിൽ ഹാജരായി യുവാവിനെതിരെ മൊഴി നൽകുകയായിരുന്നു. കൊല്ലം ജില്ലക്കാരായ കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം ഇന്നലെ സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയതിന് ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾക്കതിരെ ലൈംഗിക വൈകൃത മടക്കം വിവിധ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.




