കോഴിക്കോട് :കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.പി യില്‍ വരുന്നവര്‍ കൃത്യമായ സാമൂഹിക അകലം പാലിക്കണം. കൈകള്‍ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. ആശുപത്രിയുടെ പ്രധാന ഇടങ്ങള്‍ ഫയര്‍ഫോഴ്സ് വിഭാഗം അണുവിമുക്തമാകും. ആശുപത്രിയില്‍ അഡ്മിറ്റാവുന്നവരെ ആന്റിജന്‍ ടെസ്റ്റിന് വിധേയരാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഭാഗികമായി കണ്ടെയ്ന്‍മെന്റ് സോണുകളായ പ്രദേശങ്ങളില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് പോകുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണ്. ഇതിന് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.
സമ്പര്‍ക്ക വ്യാപനം തടയുന്നതിനായി വാര്‍ഡു തലത്തിലുളള ആര്‍.ആര്‍.ടി യുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. ഓരോ വാര്‍ഡിലേയും പ്രായമായ ആളുകളുടെയും മറ്റ് രോഗങ്ങള്‍ ഉളളവരുടെയും കണക്കെടുക്കും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണത്തിന് പൊലീസിനെ നിയോഗിച്ചിട്ടുളളതായും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുജിത് ദാസ്, വടകര ആര്‍.ഡി.ഒ അബ്ദുറഹിമാന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഷാമിന്‍ സെബാസ്റ്റ്യന്‍,ടി ജനില്‍കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍ രാജേന്ദ്രന്‍, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.