
കോഴിക്കോട് : 2026 ജനുവരി 22 മുതൽ 25 വരെ കോഴിക്കോട് കടപ്പുറത്ത് ഡി.സി കിഴക്കേമുറി ഫൗണ്ടേഷൻ സംഘടിപ്പിച്ച കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഒൻപതാമത് എഡീഷൻ്റെ ( KLF) പിപിആർ ഫീസിനത്തിൽ ആറലക്ഷത്തിലധികം രൂപ കോഴിക്കോട് നഗരസഭയ്ക്ക് നൽകാതെ സംഘാടകർ നഗരസഭയെ കബളിപ്പിച്ചു. നഗരസഭ ഓഫീസിൻ്റെ തൊട്ടു മുന്നിലെ തുറമുഖ വകുപ്പിൻ്റെ ഉടമസ്ഥതയിലുള്ള ബീച്ചിൽ പതിനായിരത്തോളം ചതുരശ്രയടി വിസ്തീർണത്തിൽ നൂറുകണക്കിന് സ്റ്റാളുകൾ വിൽക്കുക വഴി ലക്ഷങ്ങൾ സമ്പാദിച്ച സംഘാടകരാണ് തദ്ദേശ മന്ത്രി എം.ബി. രാജേഷിന് അപേക്ഷ നൽകി നഗരസഭയിൽ നിന്ന് പി പി ആർ ലൈസൻസ് പോലുമില്ലാതെയും നിശ്ചിത ഫീസ് അടയ്ക്കാതെയും നഗരസഭയെ കബളിപ്പിച്ചത്. പൊതു സ്ഥലങ്ങളിൽ പരിപാടി അവതരിപ്പിക്കുന്നതിനുള്ള കേരള പ്ലേസസ് ഓഫ് പബ്ലിക് റിസോർട്ട് ആക്ട് -1963 അനുസരിച്ച് (PPR ) ലൈസൻസിനായി അഗ്നിശമന രക്ഷാസേന, സാനിട്ടറി തുടങ്ങി അഞ്ചോളം ലൈസൻസുകളും ചതുരശ്രയടി അനുസരിച്ചുള്ള തറവാടകയും തദ്ദേശസ്ഥാപനങ്ങളിൽ അടയ്ക്കണം. ആവശ്യമായ ലൈസൻസടക്കം അപേക്ഷ നഗരസഭാ സെക്രട്ടറിക്ക് നൽകിയിരുന്നു. ഇപ്പോൾ കെ സ്മാർട്ട് സംവിധാനത്തിലാണ് ലൈസൻസുകൾ നൽകുന്നത്. നിശ്ചിത ഫീസ് വരവ് വരാത്തതിനാൽ കെ സ്മാർട്ടിലൂടെ ലൈസൻസ് ലഭ്യമായില്ല. ഇവിടെയാണ് ഡി.സി കിഴക്കെമുറി ഫൗണ്ടേഷൻ കുതന്ത്രം പ്രയോഗിച്ചത്. സാഹിത്യ നഗരി പദവിയിലുള്ള കോഴിക്കോട്ട് തങ്ങൾ ഇതുവരെ ലിറ്ററേച്ചർ ഫെസ്റ്റ് നടത്തിയതു വഴി മൂന്നുകോടിയോളും രൂപ ഫൗണ്ടേഷന് നഷ്ടമുണ്ടായെന്നും, ഇത്തവണത്തേയും വരും വർഷങ്ങളിലെയും കെ എൽ എഫിന് തറവാടക ഒഴിവാക്കി തരണമെന്നും അഭ്യർത്ഥിച്ച് ഡി.സി ഫൗണ്ടേഷൻ തദ്ദേശ മന്ത്രിക്ക് അപേക്ഷ നൽകി. ഇതിൻ്റെ കോപ്പി ഉൾപ്പെടുത്തി കോഴിക്കോട് നഗരസഭയ്ക്ക് അപേക്ഷ നൽകുകയും, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ എ. പ്രദീപ്കുമാർ, സമഗ്ര ശിക്ഷാ അഭിയാൻ ജില്ലാ കോ ഓർഡിനേറ്ററും ഇടത് അധ്യാപക സംഘടനാ നേതാവുമായ എ.കെ അബ്ദുൾ ഹക്കീം എന്നിവരെ സംഘാടക സമിതിയുടെ മുൻനിരയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ നഗരസഭ വെട്ടിലായി. നിശ്ചിത തറ വാടകയായ ആറ് ലക്ഷം രൂപ അക്കൗണ്ടിൽ വരവ് വരാത്തതിനാൽ കെ സ്മാർട്ടിലൂടെ തറവാടക പിരിക്കേണ്ട റവന്യു വിഭാഗത്തിന് പിപിആർ ലൈസൻസ് ഡൗൺലോഡ് ചെയ്യാനായില്ല. പക്ഷെ റവന്യു വിഭാഗം ഒത്തു കളിച്ചതിനാൽ , തദ്ദേശ മന്ത്രിക്ക് നൽകിയ അപേക്ഷയിൽ സെക്രട്ടറി തീർപ്പുകൽപ്പിക്കും മുൻപ് കെ എൽ എഫ് ആരംഭിച്ചു. ഇതറിഞ്ഞ അന്നത്തെ നഗരസഭാ സെക്രട്ടറി കെ.യു ബിനി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചെങ്കിലും റവന്യു വിഭാഗം അത് നടത്തിയെടുത്തില്ല. അങ്ങനെ പതിനായിരത്തോളം ചതുരശ്രയടി സ്ഥലം സംഘാടകർ വിവിധ സ്റ്റാളുകൾക്ക് നൽകി വൻ സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്തു. പാരഗൺ ഹോട്ടൽ വൻ വിസ്ത്രിതിയിൽ സ്ഥലം വാടകയ്ക്കെടുത്താണ് കച്ചവടം നടത്തിയത്. ഇതേ പോലെ ലഘുഭക്ഷണ ശാലകൾ, ഫലൂദ സ്റ്റാൾ, ബുക് സ്റ്റാളുകൾ, പ്രസാദകർ തുടങ്ങി നിരവധി പേർ വൻതുക തറവാടക അടച്ച് കച്ചവടം നടത്തി ലാഭം കൊയ്തു, അങ്ങനെ സംഘടകരായ ഡി.സി കിഴക്കേമുറി ഫൗണ്ടേഷനും, വ്യാപാര സ്ഥാപനങ്ങളും ലാഭം കൊയ്തപ്പോഴാണ് നഗരസഭ നൈസായി കബളിപ്പിക്കപ്പെട്ടത്. രാഷ്ട്രീയ ഒത്തുതീർപ്പിൽ നഗരസഭയ്ക്ക് ഇത്തരം ഇടപാടുകൾ പുത്തരിയല്ലെങ്കിലും റവന്യു വിഭാഗത്തിൻ്റെ അനാസ്ഥയും ഒത്തുകളിയും മൂലം നഗരസഭയ്ക്ക് ലഭിക്കേണ്ട ആറ് ലക്ഷത്തിൽ പരം രൂപ നഷ്ടപ്പെട്ടിരിക്കയാണ്. ഒത്തു കളിച്ച റവന്യു വിഭാഗത്തിനെ രക്ഷിക്കാൻ മന്ത്രി എം.ബി രാജേഷിന് മേൽ സമ്മർദ്ദം തുടരുകയാണ്. ചെറിയ പരിപാടികൾക്കും പെട്ടിക്കടകൾക്കും വരെ ഫീസ് പിരിക്കുമ്പോൾ വൻ ലാഭം ഉണ്ടാക്കിയ കെ എൽ എഫ് സംഘാടകരെ ഒഴിവാക്കുമോ എന്നാണ് പ്രതിപക്ഷം അടക്കം ഉറ്റുനോക്കുന്നത്.




