ഇടുക്കി-മൂന്നാര്‍ :ശക്തമായ മഴയില്‍ മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ച 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ലയത്തില്‍ ആകെ ഉണ്ടായിരുന്നത് 78 പേരാണ്. 12 പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റര്‍ അകലെയുള്ള മലയിലെ ഉരുള്‍പൊട്ടലാണ് ദുരന്തം വിതച്ചത്. 3 കിലോമീറ്റര്‍ പരിധിയില്‍ കല്ലുചെളിയും നിറഞ്ഞു. എന്‍ഡിആര്‍എഫ് സംഘം ഏലപ്പാറയില്‍ നിന്നു രാജമലയിലേക്കു തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന് ദേവന് ആശുപത്രിയില്‍ എത്തിച്ചു. പളനിയമ്മ(50), ദീപന്(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്.
ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നും എന്‍ഡിആര്‍എഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. 5 ലൈനുകളിലായി 84 പേര് മണ്ണിനടിയിലായതായി കോളനി നിവാസികള്‍ പറയുന്നു. പ്രദേശത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങളില്ല.