കോഴിക്കോട്: കരിപ്പൂരില്‍ വിമാന ദുരന്തത്തില്‍ പൈലറ്റ് ഉള്‍പ്പടെ 14 മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അഞ്ച് പേരും ബേബി മെമ്മോറിയലില്‍ രണ്ട് പേരും മിംമ്‌സ് ആശുപത്രിയില്‍ രണ്ട് പേരും കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ രണ്ട് പേരും മരിച്ചതായാണ് വിവരം. മഹാരാഷ്ട്ര സ്വദേശി ദീപക് വസന്ത് സാഠെയാണ് ദുരന്തത്തില്‍ മരിച്ച പൈലറ്റ്. അഖിലേഷാണ് സഹ പൈലറ്റ്. പത്ത് പരുടെ നില ഗുരുതരമായി തുടരുന്നു. ജില്ലാ കലക്ടറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ദുബൈയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ 1344 എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍ പെട്ടത്. വന്ദേമാരത് മിഷന്റെ ഭാഗമായിട്ടുള്ള വിമാനമാണിത്. ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നി മാറി താഴേക്ക് വീഴുകയായിരുന്നു. 191 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 174 മുതിര്‍ന്നവരും പത്ത് കുട്ടികളും പൈലറ്റും സഹപൈലറ്റും കാബിന്‍ക്രൂവും ഉള്‍പ്പെടുന്നവരാണ് അപകടത്തില്‍ പെട്ടത്.
മധ്യഭാഗം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. ലാന്‍ഡിംഗിനിടെയാണ് അപകടം. ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. കൊണ്ടോട്ടികുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. 177 യാത്രക്കാര്‍ ഉള്ള വിമാനമാണ് റണ്‍വേയില്‍ നിന്നും താഴേക്ക് വീണത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. അതേസമയം, യാത്രക്കാര്‍ സുരക്ഷിതര്‍ ആണ്. വാഹനമുള്ള സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് വാഹനവുമായി എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശവാസികളോട് അപകടം നടന്ന വിമാനത്തിന്റെ സമീപത്തേക്ക് എത്തരുത് എന്നും നിര്‍ദ്ദേശം നല്‍കി. ഇതാദ്യമായാണ് കേരളത്തില്‍ ലാന്‍ഡിംഗിനിടെ വിമാനം അപകടത്തില്‍ പെടുന്നത്.