INDIAKERALA

മിസോറാം ഗവർണ്ണർ പി.എസ് ശ്രീധരൻപിള്ള എഴുതിപൂർത്തിയാക്കിയ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

13 പുസ്തകങ്ങളിൽ 3 എണ്ണത്തിൻ്റെ പ്രകാശനമാണ് നടന്നത്

ഐസ്വാൾ: സമയത്തെ സർഗാത്മകമാക്കി സമൂഹത്തിന് മാതൃക കാണിച്ച വ്യത്യസ്തനാണ്  മിസോറാം ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ളയെന്ന് മിസോറാം മുഖ്യമന്ത്രി സോ റംതംഗ പറഞ്ഞു. ജനഹൃദയങ്ങളിൽ ഇടം നേടാനും, ഒരേ സമയം നല്ല പൊതുപ്രവർത്തകനും, നല്ല എഴുത്തുകാരനും, നല്ല പ്രഭാഷകനും പ്രൊഫഷണലുമാവാൻ എങ്ങനെ സാധിക്കുമെന്ന് മിസോറാം ജനതയ്ക്ക് അദ്ദേഹം കാണിച്ചു തന്നെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊറോണക്കാലത്ത് മിസോറാം ഗവർണ്ണർ പി.എസ് ശ്രീധരൻപിള്ള എഴുതിപൂർത്തിയാക്കിയ 13 പുസ്തകങ്ങളിൽ 3 എണ്ണത്തിൻ്റെ പ്രകാശന ചടങ്ങിൻ്റെ ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ദ റിപ്പബ്ളിക്ക്, ദസ് സ്പീക്സ് ദ ഗവർണ്ണർ എന്നീ ഇംഗ്ലീഷ് പുസ്തകങ്ങളുടെ പ്രകാശനം ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റീസ്  അജയ് ലാംബ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. “കൊറോണ കവിതകൾ” എന്ന മലയാള പുസ്തകം ബ്രിഗേഡിയർ എസ് .വിനോദിന് നൽകിക്കൊണ്ട് മുഖ്യമന്ത്രി നിർവ്വഹിച്ചു.

തൻ്റെ ഔദ്യോഗിക പ്രസംഗങ്ങൾ ഉൾപ്പെടുത്തിയ രണ്ട് ഇംഗ്ലീഷ് പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോൾ മിസോറാമിൻ്റെ സമസ്ത മേഖലയിലേക്കും ആഴ്ന്നിറങ്ങിയ ഒരു ഗവർണ്ണറേയും ,എഴുത്തുകാരനേയുമാണ് കാണാൻ കഴിയുന്നതെന്ന്  ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റീസ്  അജയ് ലാംബ പറഞ്ഞു. താൻ കഴിഞ്ഞ അവധിക്കാലത്ത് കേരളത്തിൽ എത്തിയപ്പോൾ പി.എസ് ശ്രീധരൻ പിള്ളയ്ക്ക് കേരളീയ സമൂഹത്തിൽ ലഭിച്ചിട്ടുള്ള സ്ഥാനം എത്രയെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസ കാലം മുതൽ മിസോറാം ഗവർണ്ണർ വരെയുള്ള ജീവിത യാത്രയെപ്പറ്റി ചീഫ് ജസ്റ്റീസ് സവിസ്തരം പ്രതിപാദിക്കുകയും ചെയ്തു.

തൻ്റെ കവിതകളിലൂടെ മിസോറാമിൻ്റെ വൈവിധ്യത്തെ ശ്രീധരൻപിള്ള ലോകത്തിന് പരിചയപ്പെടുത്തിയെന്ന് മുൻമുഖ്യമന്ത്രിയും ,മിസോറാം പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റുമായ ലാൽതൻഹ്വാല പറഞ്ഞു. ഇത്രയും കാലത്തെ തൻ്റെ ജീവിതത്തിനിടയിൽ ഇത്രയും വ്യത്യസ്തനായ ഒരു ഗവർണ്ണറെ താൻ കണ്ടിട്ടില്ല. അദ്ദേഹത്തെ ഗവർണ്ണറായി പ്രഖ്യാപിച്ചപ്പോൾ തന്നെ മിസോറാമിന് ലഭിച്ചത് മികച്ച ഒരു ഗവർണ്ണറെത്തന്നെയായിരിക്കുമെന്ന് എൻ്റെ കേരളത്തിലെ ചില സുഹൃത്തുക്കൾ പറയുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മിസോറാം ചീഫ് സെക്രട്ടറി  ലാൽനുന്മാവിയ ചുവാംഗ് ഐ.എ.എസ് അധ്യക്ഷനായിരുന്നു. ഗ്രന്ഥകാരനും ഗവർണ്ണറുമായ പി.എസ് ശ്രീധരൻപിള്ള മറുപടി പ്രസംഗം നടത്തി. അദ്ദേഹം രചിച്ച മിസോറാമിനെക്കുറിച്ചുള്ള ഇംഗ്ലീഷ് കവിത കുമാരി കാൻറിലിയ ചടങ്ങിൽ ആലപിച്ചു. രാജ്ഭവൻ സെക്രട്ടറി  കെ ലാൽത്വാംമാവിയ ഐ.എ.എസ് നന്ദി രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി രാജ്ഭവൻ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഗുവാഹത്തി  ഹൈക്കോടതിയുടെ ഐസ്വാൾ ബഞ്ച് ജഡ്ജിമാരായ മൈക്കൽ സോതംഗ്ഖുമ, നെൽസൺ സെയ്ലോ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വാൻലാൽമോഖേ, ഡിജിപി എസ്‌.ബി.കെ സിംഗ് ഐ.പി.എസ്, മിസോറാം ബിഷപ്പ് സ്റ്റീഫൻ റോത്ലുംഗ, ഐസ്വാൾ ഹിന്ദുസ്ഥാൻ ക്ളബ് പ്രസിഡൻ്റ് സഞ്ജിത് ഡേ, ഐസ്വാൾ മോസ്ക് കമ്മറ്റി പ്രസിഡൻറ് മാമോൻ ,മുതിർന്ന സംസ്ഥാന ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, മിസോറാം മലയാളി കൾച്ചറൽ ഫോറം പ്രസിഡൻ്റ് പി.ടി ഏബ്രഹാം തുടങ്ങി വ്യത്യസ്ത തുറകളിലുള്ളവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close