കോഴിക്കോട് : ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക കൃഷിനാശമാണുണ്ടായത്. ആഗസ്ത് ഒന്നു മുതൽ പത്തുവരെയുണ്ടായ മഴയിലും കാറ്റിലും ജില്ലയിൽ 9.34 കോടി രൂപയുടെ കാർഷിക നഷ്ടമുണ്ടായി. വാഴകൃഷിയെയാണ് കാലവർഷം കൂടുതലായി ബാധിച്ചത്. കുലച്ച 66347 വാഴകളും 44688 സാധാരണ വാഴകളും നശിച്ചു. ടാപ്പിങ് നടത്തുന്ന 3394 റബ്ബർ മരങ്ങളും അല്ലാത്ത 1502 എണ്ണവും അടക്കയുള്ള 3974 കവുങ്ങുകളും ഇല്ലാത്ത 1385 എണ്ണവും കാലവർഷത്തിൽ നശിച്ചു.
തെങ്ങ്, ഇഞ്ചി, മഞ്ഞൾ, റബ്ബർ, കുരുമുളക്, കപ്പ എന്നിവയെയും കാലവർഷം ബാധിച്ചു.ജില്ലയിലെ 8965 കർഷകർക്കാണ് നാശനഷ്ടമുണ്ടായത്
കാലവർഷത്തിന് നേരിയ ശമനമുണ്ടായതോടെ ജില്ലയിൽ ക്യാമ്പുകളുടെ എണ്ണം കുറഞ്ഞു.നാലു താലൂക്കുകളിലായുള്ള 7 ദുതിതാശ്വാസ ക്യാമ്പുകളിലായി 62 പേരാണുള്ളത്.
കൊയിലാണ്ടി താലൂക്കിൽ നിലവിൽ ഒരു ക്യാമ്പാണ് പ്രവർത്തിക്കുന്നത്. ബാലുശ്ശേരി മർകസ് പബ്ലിക് സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഒരു കുടുംബത്തിലെ ആറ് പേരാണ് ഉള്ളത്. ഇതുവരെ മഴയെത്തുടർന്ന് കൊയിലാണ്ടി താലൂക്കിലെ 14 വില്ലേജുകളിലായി 90 വീടുകൾ ഭാഗികമായും നാല് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. കൂടുതൽ ക്യാമ്പുകൾ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ അതിനുള്ള ഒരുക്കങ്ങൾ സ്വീകരിച്ചുവരുന്നതായി തഹസിൽദാർ കെ ഗോകുൽ ദാസ് അറിയിച്ചു.
കോഴിക്കോട് താലൂക്കിൽ രണ്ടു വില്ലേജുകളിലായി രണ്ടു ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 19 പേരാണ് ആകെ ക്യാമ്പുകളിലുള്ളത്. മാവൂർ വില്ലേജിലെ ജിഎംയുപി സ്‌കൂളിൽ ആറ് കുടുംബത്തിലെ 13 പേരും കടലുണ്ടി വില്ലേജിൽ വട്ടപ്പറമ്പ ജിഎൽപി സ്‌കൂളിൽ ഒരു കുടുംബത്തിലെ ആറു പേരുമാണ് താമസിക്കുന്നത്.
താമരശേരി താലൂക്കിൽ ഒരു ക്യാമ്പ് മാത്രമാണുള്ളത്. തിരുവമ്പാടി വില്ലേജിലെ സെന്റ് സെബാസ്റ്റ്യൻ എൽപിഎസ് മുത്തപ്പൻപുഴയിലെ ഈ ക്യാമ്പിൽ 8 കുടുബങ്ങളിലെ 16 പേരാണുള്ളത്. ശക്തമായ മഴയിൽ പൂത്തൂർ വില്ലേജിൽ കോരൻചോലമ്മൽ ശിവദാസന്റെ വീട് തകർന്നു. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇതോടെ കാലവർഷത്തിൽ താലൂക്കിൽ 19 വീടുകളാണ് ഭാഗികമായി തകർന്നത്. വീടുകൾ തകർന്നതിലൂടെ 16.25 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്.
വടകര താലൂക്കിൽ നിലവിൽ മൂന്ന് ക്യാമ്പുകളാണ് ഉള്ളത്. ഒഞ്ചിയം വില്ലേജിലെ വാർഡ് ആറ് അങ്കണവാടി, ചെക്യോട് വില്ലേജിലെ കണ്ടിവാതുക്കൽ അങ്കണവാടി, വില്ല്യാപ്പള്ളി എംജെവിഎസ് സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകളുള്ളത.് ആകെ 9 കുടുംബങ്ങളിൽ നിന്നായി 21 പേർ ക്യാമ്പുകളിലുണ്ട്.