കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ കള്ളക്കടത്തുമായ് ബന്ധപ്പെട്ട് ആഭരണ നിർമ്മാണ കേന്ദ്രത്തിലും ജ്വല്ലറിയിലും കസ്റ്റംസ് പരിശോധന. പാളയം എം.എം. അലി റോഡിലെ സ്വർണ്ണാഭരണ നിർമ്മാണ സ്ഥാപനമായ മറീന ഗോൾഡ്, ഗോവിന്ദപുരത്തെ ബി.എം.ആർ ജ്വല്ലറി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. കണക്കിൽ പെടാതെ സൂക്ഷിച്ച 3.8 കിലോഗ്രാം സ്വർണം മറീന ഗോൾഡിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇതിന് 1.89 കോടിയോളം രൂപ വിലവരും. ബി.എം.ആർ ജ്വല്ലറി ഉടമകളിലൊരാളായ ജർഫിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇദ്ദേഹത്തെയും പിടിച്ചെടുത്ത സ്വർണവും രാത്രിയോടെ കൊച്ചിയിലെ ഓഫീസിലേക്ക് കൊണ്ടുപോയി. കൂടുതൽ ചോദ്യം ചെയ്തശേഷം ആവശ്യമെങ്കിൽ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തും.
കൊച്ചിയിലെ കസ്റ്റംസ് ഉദ്യോഗസ്ഥരും കോഴിക്കോട് കസ്റ്റംസ് പ്രിവൻറീവ് ഡിവിഷനും സംയുക്തമായാണ് പരിശോധന നടത്തിയത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ തുടങ്ങിയ പരിശോധന വൈകീട്ട് നാലിനാണ് അവസാനിച്ചത്. രണ്ടിടങ്ങളിൽ നിന്നും വിൽപ്പനയുടെ ഉൾപ്പെടെ നിരവധി രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കോഴിക്കോട് സ്വദേശികളായ ജയഷീർ, ജമീഷ് എന്നിവരാണ് മറീന ഗോൾഡിന്റെ പാർട്നർമാരെന്നും ഇതിലൊരാളുടെ സഹോദരനാണ് ബി.എം.ആർ ജ്വല്ലറി ഉടമകളിലൊരാളായ ജർഫിയെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ എരഞ്ഞിക്കല്‍ സ്വദേശി സംജുവിനെ അറസ്റ്റുചെയ്തിരുന്നു. പിന്നാലെ അരക്കിണർ ഹൈസാ ജ്വല്ലറിയിൽ പരിശോധന നടത്തുകയും രേഖകളില്ലാതെ വിൽപ്പനക്കുവെച്ച 3.7 കിലോഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്വർണക്കടത്ത് കേസിൽ നേരത്തെ പിടിയിലായ ചിലരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആഭരണ നിർമ്മാണ കേന്ദ്രത്തിൽ പരിശോധന നടത്തിയത്.