തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഈ മാസം 19 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന്
ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് നിയന്ത്രണങ്ങളോടെ ഘട്ടംഘട്ടമായി പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം.
ഇക്കോ ടൂറിസം സെന്ററുകളുടെ പ്രവര്‍ത്തനം നിലച്ചത് വനാശ്രിത സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാരായ 2000 ആളുകളെ പ്രത്യക്ഷമായും
70000 കുടുംബങ്ങളെ പരോക്ഷമായും ബാധിച്ചിരുന്നു.
ഇത് കണക്കിലെടുത്താണ് അഞ്ചുമാസമായി അടച്ചിട്ടിരിക്കുന്ന കേന്ദ്രങ്ങള്‍ കര്‍ശന നിയന്ത്രണങ്ങളോടെ പരീക്ഷണാര്‍ത്ഥം തുറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മൂന്നാം ഘട്ട ലോക്ഡൗൺ ഇളവുകള്‍ക്കും, കടുവാ സംരക്ഷണ അതോറിറ്റിയുടെ നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് ഒന്നാംഘട്ട പ്രവര്‍ത്തനം. ആദ്യഘട്ടത്തില്‍ പത്തു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും 65 നു മുകളില്‍ പ്രായമുള്ളവര്‍ക്കും ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കുകയില്ല. താമസിക്കുന്നതിനും കഫറ്റീരിയയില്‍ ഇരുന്നുകഴിക്കുന്നതിനും ആദ്യഘട്ടത്തില്‍ വിലക്കുണ്ട്. എന്നാല്‍ ഭക്ഷണം പാഴ്സലായി ലഭിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ പ്രധാന സേവനങ്ങളായ ട്രെക്കിംഗ്, സഫാരി, മ്യൂസിയം, ഭക്ഷണശാല, ഇക്കോഷോപ്പ് തുടങ്ങിയവ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സെന്ററിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും താപനില പരിശോധിക്കും. അനുവദനീയമായതില്‍ കൂടുതലാണ് താപനിലയെങ്കില്‍ അവരെ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി വൈദ്യസഹായം നല്‍കും. ഇതിനായി പ്രത്യേകം വാഹനം, സ്ഥലം എന്നിവ ഒരുക്കും. മാസ്ക്, സാനിറ്റൈസര്‍, കൃത്യമായ ഇടവേളകളിലെ അണുനശീകരണം, പ്രവേശന പുറം കവാടങ്ങളില്‍ ശുചിമുറികള്‍, എന്നിവ സെന്ററുകളില്‍ ഉറപ്പാക്കും. കേന്ദ്രങ്ങളില്‍ 65 വയസ്സിനു മുകളിലുള്ള ആളുകളെ സേവനത്തിനായി നിയോഗിക്കില്ല.
പൊതുജനങ്ങള്‍ക്ക് ടിക്കറ്റുകള്‍ ഓൺലൈനായി മാത്രമേ ബുക്ക് ചെയ്യാനാകൂ. ക്യൂ കഴിവതും ഒഴിവാക്കേണ്ടതാണ്. വാഹനം പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് ടയര്‍ അണുവിമുക്തമാക്കണം. പകല്‍ മാത്രമായിരിക്കും ട്രക്കിംഗ്. ഒരു ബാച്ചില്‍ ഏഴുപേരെ വരെ അനുവദിക്കും. കാട്ടിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും കൈകാലുകള്‍ അണുവിമുക്തമാക്കണം, സാമൂഹിക അകലം പാലിക്കണം. സഫാരി വാഹനങ്ങളില്‍ ഡ്രൈവര്‍ ക്യാബിനും സന്ദര്‍ശക ഭാഗവും വേര്‍തിരിക്കുകയും സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം കയറ്റുകയും ചെയ്യും. സഫാരിക്കിടെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല. വാഹനത്തില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കണം.ഓരോ സഫാരിക്ക് ശേഷവും വാഹനം അണുവിമുക്തമാക്കണം.
- മ്യൂസിയം /ഇന്റര്‍ പ്രട്ടേഷന്‍ സെന്ററുകളില്‍ ഒരേ സമയം 10 പേര്‍ക്കും, ഇക്കോഷോപ്പുകളില്‍ അഞ്ചുപേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കും റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കുമായിരിക്കും. കൃത്യമായ ഏകോപനത്തിന് അതത് മേഖലകളിലെ ചീഫ് ഫോറസ്റ്റ് കസര്‍വേറ്റര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിട്ടുണ്ടെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അറിയിച്ചു.