
കോഴിക്കോട് : നഗരം പോലീസ് സ്റ്റേഷൻ പരിധിയിലെ ഹിമായത്ത് സ്ക്കൂളിന് സമീപം വെച്ച് മോഷണം പോയ ബൈക്കിനെക്കുറിച്ചുളള അന്വേഷണത്തില്‍ വാഹന മോഷ്ടാക്കളായ മൂന്ന് പേരെ നഗരം പോലീസ് പിടികൂടി.വടകര ചോമ്പാല സ്വദേശി ഷാഹിദ് എ.വി, കോഴിക്കോട് പരപ്പിൽ ഹാബില്‍ എന്നിവരും പതിനാറുവയസ്സുകാരനായ ഒരാളുമാണ് പിടിയിലായത്.പുതിയമ്പലത്തിനടുത്തു വെച്ച് ബൈക്ക് മോഷ്ടിച്ചതും, വടകര കണ്ണൂക്കര പൂജ സൂപ്പര്‍ സ്റ്റോര്‍ എന്ന കടയുടെ ഷട്ടര്‍ പൊളിച്ച് 43000 രൂപയുടെ സിഗരറ്റ് മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. രണ്ടു ബൈക്കുകളും, ബൈക്കില്‍ നിന്ന് എടുത്തു ഉപേക്ഷിച്ച പാലിയേറ്റീവ് കെയറിന്റെ രശീത് ബുക്കുകളും മറ്റും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഷാഹിദ് കളവ് കേസ്സിലും, പോലീസിനെ അക്രമിച്ച കേസ്സിലും പ്രതിയായി കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ ശിക്ഷ അനുഭവിച്ചുവരവെ കൊവിഡ് കാലത്തെ പ്രത്യേക ഇളവില്‍ പുറത്ത് ഇറങ്ങിയതായിരുന്നു. മോഷണം നടത്തിയ ശേഷം ബാലുശ്ശേരിയിലെ കോഴിക്കടയില്‍ ജോലി ചെയ്തുവരവെ നഗരം പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ.ഉമേഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്സ്.ഐമാരായ ബിജിത്ത്. കെ.ടി,അനില്‍ കുമാര്‍.എ, എ.എസ്സ്.ഐ സുനില്‍കുമാര്‍ , സജേഷ്കുമാര്‍, അനൂജ്, എന്നിവര്‍ ചേർന്നാണ് പ്രതികളെ പിടികൂടിയത്.