KERALAlocalPolitics

മലയാളം സര്‍വ്വകലാശാല ഭൂമി വാങ്ങുന്നതിന് പിന്നിൽ വന്‍ അഴിമതിയെന്ന് യൂത്ത് ലീഗ്

കോഴിക്കോട് : തിരൂര്‍ മലയാളം സര്‍വ്വകലാശാലക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസാണ് ഇതു സംബന്ധിച്ച ആരോപണം വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചത്.
കണ്ടല്‍കാടുകള്‍ നിറഞ്ഞതും സി.ആര്‍.ഇസെഡിന്റെ പരിധിയില്‍ വരുന്നതുമായ തുച്ഛവിലയുള്ള ഭൂമിക്ക് ഉയര്‍ന്ന വിലയാണ് നിശ്ചയിച്ചിട്ടുള്ളത് .
താനൂര്‍ എം.എല്‍.എ വി. അബ്ദുറഹിമാന്റെ ബന്ധുക്കളുടെയും തിരൂരില്‍ ഇടത്പക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ലില്ലീസ് ഗഫൂറിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും ഉടമസ്ഥതയില്‍ ഉള്ളതാണ് ഭൂമി. നേരത്തെ ഈ സ്ഥലം നിര്‍മ്മാണ യോഗ്യമല്ലെന്നും ഉയര്‍ന്ന വില നിശ്ചയിച്ചാണ് ഭൂമി ഏറ്റെടുത്തതെന്നും ആരോപണം ഉയര്‍ന്നപ്പോള്‍ നിര്‍മ്മാണ യോഗ്യമാണെന്ന മറുപടിയായിരുന്നു സര്‍ക്കാര്‍ നല്‍കിയിരുന്നത്. 16,63,66,313.00 (പതിനാറ് കോടി അറുപത്തിമൂന്ന് ലക്ഷത്തി അറുപത്തിയാറായിരത്തി മുന്നൂറ്റിമുപ്പത്തിമൂന്ന് രൂപ) വില നിശ്ചയിച്ചിട്ടുള്ളതില്‍ 9കോടി രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു.
. കെ.ടി ജലീല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായതിന് ശേഷമാണ് നാട്ടുകാരുടെയും സ്ഥലം എം.എല്‍.എയുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് കൊണ്ട് പണം അനുവദിച്ചത്. എന്നാല്‍ എതിര്‍പ്പുകളും ഉന്നയിച്ച ആരോപണങ്ങളും വസ്തുതാപരമാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 2020 ജൂലൈ 16ന് നാഷണല്‍ ഗ്രീന്‍ ട്രിബ്യൂണലില്‍ എക്‌സ്‌പെര്‍ട്ട് കമ്മറ്റി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടില്‍ ഈ ഭൂമി സി.ആര്‍.ഇസെഡ് 3ല്‍ നോണ്‍ ഡെവപ്‌മെന്റ് സോണില്‍ ഉള്‍പ്പെടുന്നതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സി.ആര്‍.ഇസെഡ് 3ല്‍ ഉള്‍പ്പെട്ടത് കൊണ്ടാണ് മരട് ഫ്‌ളാറ്റ് പൊളിച്ചു കളയേണ്ടി വന്നതെന്ന് കോടതി ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. നിര്‍മ്മാണ യോഗ്യമല്ലാത്ത ഭൂമി ഉയര്‍ന്ന വിലക്ക് ഏറ്റെടുത്ത് ഭരണകക്ഷി എം.എല്‍.എക്കും ഇടത്പക്ഷ മുന്നണി സ്ഥാനാര്‍ത്ഥിക്കും വന്‍ ലാഭം കൊയ്യാനുള്ള അവസരം ഒരുക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തത്. ഇതില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിക്കും സി.പി.എമ്മിനും എത്ര പങ്ക് ലഭിച്ചുയെന്നതിനെ കുറിച്ച് അന്വേഷണം നടത്തണം. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 9കോടി രൂപ എത്രയും പെട്ടന്ന് തിരിച്ചുപിടിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി ആഷിഖ് ചെലവൂരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close