താമരശേരി: പിഞ്ച്കുഞ്ഞുമായെത്തിയ പിതാവിനോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് പിതാവിന്റെ പരാതി. താമരശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ ജോലിക്രമീകരണ വ്യവസ്ഥയിലെത്തിയ പീഡിയാട്രീഷ്യന്‍ ഡോ.എ.കെ.ഷാജ് കുമാറിനെതിരെയാണ് നൂറാംതോട് സ്വദേശി ജിലിന്‍ ജോസ് മംഗലത്ത് ഡിഎംഒ, ഡിഎച്ച്എസ്, ആരോഗ്യമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയത്. കുഞ്ഞിന്റെ ദേഹത്ത് മഞ്ഞനിറം കൂടുതലായി കാണപ്പെട്ടതിനെത്തുടര്‍ന്ന് 22 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞുമായി ഓഗസ്റ്റ് 18നായിരുന്നു ജിലിന്‍ ആശുപത്രിയിലെത്തിയത്.
അമ്മയെ കൂടാതെ കൈക്കുഞ്ഞുമായി ഒപിയില്‍ വന്നതിനെ ചോദ്യം ചെയ്ത ഡോക്ടര്‍, പിന്നീട് മതിയായ ചികിത്സ നല്‍കാതെ മടക്കിയെന്നാണ് ജിലിന്‍ അയച്ച പരാതിയില്‍ പറയുന്നത്.
അതേസമയം ഒ.പി ഡ്യൂട്ടിയിലിരിക്കെ രോഗിയുടെ കൂടെവന്ന ആളുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും ബഹളമുണ്ടാക്കിയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഡോക്ടര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്കി. സൂപ്രണ്ട് ഡോ.എം.കേശവനുണ്ണി കൈമാറിയ പ്രസ്തുത പരാതിയുടെ അടിസ്ഥാനത്തില്‍ താമരശേരി പോലീസ് കുറ്റാരോപിതര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു