KERALAlocaltop news

ക്യാരേജുകളുടെയും സ്‌കൂള്‍ ബസ്സുകളുടെയും നികുതി ഒഴിവാക്കുമെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌റ്റേജ് കാര്യേജുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും ജൂലൈ ഒന്ന് മുതലുളള ക്വാര്‍ട്ടറിലെ വാഹന നികുതിയും സ്‌കൂള്‍ ബസുകളുടെ ഏപ്രില്‍ മാസം മുതലുളള ആറ് മാസത്തെ വാഹന നികുതിയും ഒഴിവാക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.

കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത മാധ്യമപ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന 15,840 സ്വകാര്യ സ്‌റ്റേജ് കാര്യേജ് ബസുകളില്‍ 12,433 എണ്ണവും ഇതിനകം സര്‍വിസ് നിര്‍ത്തിവച്ചുകൊണ്ട് വാഹന നികുതി ഒഴിവാക്കുന്നതിനുളള ജി ഫോം നല്‍കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചതു മൂലം ജനങ്ങള്‍ വലിയ തോതില്‍ യാത്രാദുരിതം അനുഭവിക്കുന്നതായി സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് സര്‍ക്കാരിന് നികുതിയിനത്തില്‍ വന്‍ നഷ്ടം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ ഒന്ന് മുതലുള്ള ക്വാര്‍ട്ടറില്‍ കോണ്‍ട്രാക്ട് കാര്യേജ് വാഹന നികുതി പൂര്‍ണമായും ഒഴിവാക്കി നല്‍കുക വഴി മൂന്ന് മാസത്തേയ്ക്ക് 45 കോടി രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നത്. ഇതേ രീതിയില്‍ സ്‌റ്റേജ് കാര്യേജുകളുടെ നികുതി മൂന്ന് മാസത്തേക്ക് ഒഴിവാക്കുന്നത് വഴി 44 കോടി രൂപയും വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് മാത്രം ഉപയോഗിക്കുന്ന വിദ്യാഭ്യാസ സ്ഥാപന ബസ്സുകളുടെ ഏപ്രില്‍ മാസം മുതല്‍ ആറ് മാസത്തേക്കുളള നികുതി ഒഴിവാക്കുന്നത് വഴി 10 കോടി രൂപയുമാണ് നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്ടമാവുക.

പൊതുജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്തും ചെറുകിട വാഹന ഉടമകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രയാസങ്ങള്‍ കണക്കിലെടുത്തും വാഹന നികുതി വേണ്ടെന്ന് വെക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മന്ത്രി കൂട്ടിചേര്‍ത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവച്ച ബസ് സര്‍വ്വീസ് ഓണക്കാലത്തു തന്നെ പുനരാരംഭിക്കുവാന്‍ സ്വകാര്യ ബസുടമകളോട് മന്ത്രി അഭ്യര്‍ഥിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close