HealthKERALAOtherstop news

മരണത്തിലും ഡോക്ടറുടെ കര്‍ത്തവ്യം നിറവേറ്റി അഖിലേഷ്, അഞ്ച് പേര്‍ക്ക് പുതുജീവിതം

കോഴിക്കോട്: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കോഴിക്കോട് സ്വദേശിയായ ഡോ. അഖിലേഷിനെ (46) ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. മരണത്തിലും ഡോ. അഖിലേഷ് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുക എന്ന ഒരു ഡോക്ടറുടെ കര്‍ത്തവ്യം നിറവേറ്റി. അദ്ദേഹത്തിന്റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ഓണസമ്മാനമായി ലഭിച്ചു. ഒരുപക്ഷെ, അവരുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ ഓണസമ്മാനം.

ഡോ. അഖിലേഷിന്റെ ഒരു വൃക്ക 57 വയസ്സുള്ള രോഗിക്കാണ് മാറ്റിവെച്ചത്. വര്‍ഷങ്ങളായി ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഡയാലിസിസ് ചികിത്സയിലായിരുന്നു ഇദ്ദേഹം. ഡോ. സുനില്‍ ജോര്‍ജ് നേതൃത്വം നല്‍കുന്ന വൃക്കരോഗ വിദഗ്ധര്‍, ഡോ. പൗലോസ് ചാലിയുടെ യൂറോളജി സംഘം, ഡോ. ജിതിനും ഡോ. ദീപയും അടങ്ങുന്ന അനസ്‌തേഷ്യ സംഘം എന്നിവരുടെ ദീര്‍ഘനേരത്തെ പരിശ്രമമാണ് അവയവങ്ങള്‍ മാറ്റിവെയ്ക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നില്‍.

ന്യൂറോ സര്‍ജന്‍ ഡോ. ശിവകുമാറും, ഡോ. അനൂപിന്റെ നേതൃത്വത്തിലുള്ള ക്രിട്ടിക്കല്‍ കെയര്‍ സംഘവും അവയവ മാറ്റത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കി.

ഡോ. അഖിലേഷിന്റെ രണ്ട് കണ്ണുകള്‍ കോംട്രസ്റ്റ് ആശുപത്രിയ്ക്കും കരളും ഒരു വൃക്കയും മിംസ് ആശുപത്രിയ്ക്കും കൈമാറി.

അവയവ മാറ്റത്തിന് ആവശ്യമായ ഔപചാരിക നടപടികള്‍ മൃതസഞ്ജീവനിയുമായി ചേര്‍ന്ന് ക്ലിനിക്കല്‍ കോര്‍ഡിനേറ്റര്‍ നിധിന്‍ രാജും കസ്റ്റമര്‍ റിലേഷന്‍സ് സംഘവും സമയബന്ധിതമായി പൂര്‍ത്തിയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close