localtop news

കമ്മീഷണർ ഓഫീസ് വളപ്പിൽ കടന്നുകയറി വ്യാപാരിയുടെ ഐഫോൺ പിടിച്ചുപറിച്ച രണ്ടംഗസംഘം അറസ്റ്റിൽ

പ്രതികളിലൊരാൾ അഭിഭാഷകൻ

കോഴിക്കോട്: രക്ഷപ്പെടാൻ സിറ്റി പോലീസ് കമ്മീഷണർ ആസ്ഥാനത്തേക്ക് ഓടിക്കയറിയ വ്യാപാരിയെ പിന്തുടർന്ന് ഐ ഫോൺ പിടിച്ചുപറിച്ച രണ്ടു പേരെ കസബ പോലീസ് അറസ്റ്റ് ചെയ്തു. മുഖദാർ സ്വദേശിയുടെ ഫോൺ കവർന്ന മീഞ്ചന്ത ആർട്സ് കോളജിനടുത്ത് വലിയതൊടിപറമ്പ് അബ്ദുൾ ആസിഫ് (35), കല്ലായ് തിരുത്തിവളപ്പിൽ ഷിബിലംഹൗസിൽ ബൈനു.ടി.ബാലകൃഷ്ണൻ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30നോടെയാണ് സംഭവം. കടയടച്ച് ടൗണിലെത്തിയ വ്യാപാരി മാനാഞ്ചിറ സ്ക്വയറിലെ ദീപാലങ്കാരം മൊബൈൽ കാമറയിൽ പകർത്തവെ , പിന്നിൽനിന്ന് ആക്രോശവുമായി രണ്ടുപേർ ഓടിയടുത്തു. ഭയന്നുപോയ വ്യാപാരി ഇരുചക്രവാഹനത്തിൽ രക്ഷപെടാൻ ശ്രമിച്ചു. ഈ സമയം KL 11 BP 5567 നമ്പർ സ്കൂട്ടറിൽ പ്രതികൾ വ്യാപാരിയെ പിന്തുടർന്നു.രക്ഷപെടാനായി കമീഷണർ ഓഫീസ് വളപ്പിലേക്ക് വാഹനം ഓടിച്ചുകയറ്റി. പിന്നിൽ ഇരമ്പിയെത്തിയ പ്രതികൾ ഫോൺ പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു. വാഹന നമ്പർ പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്.പ്രതികളിൽ അബ്ദുൾ ആസിഫ് അഭിഭാഷകനാണ്. തങ്ങളെ ആരോ പിന്തുടർന്ന് വധിക്കാൻ ശ്രമിക്കുന്നതായ വിഭ്രാന്തി മൂലമാണ് ഫോൺ പിടിച്ചുപറിച്ചതെന്ന് ഇവർ പോലീസിനോട് പറഞ്ഞു. ഇരുവർക്കും ചെറിയ മാനസീക വിഭ്രാന്തിയുണ്ട്. കവർന്ന ഫോൺ പ്രതികളിലൊരാളുടെ ഭാര്യ പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയെങ്കിലും പരാതിയിൽ കേസെടുത്തതിനാൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു..കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close