തിരുവനന്തപുരം:ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിൻെറ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരം. ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണമാണ് വിജയകരമായതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു. ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കോവാക്‌സിന്‍ മൃഗങ്ങളില്‍ രോഗപ്രതിരോധ ശേഷിയും പ്രകടമാക്കി. കോവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണ ഫലങ്ങള്‍ ഭാരത് ബയോടെക് അഭിമാനപൂര്‍വ്വം പ്രഖ്യാപിക്കുന്നുവെന്നും പരീക്ഷണത്തില്‍ വാക്‌സിന്‍ ഫലപ്രാപ്തി പ്രകടമാക്കുന്നുവെന്നും ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനം ട്വീറ്റ് ചെയ്തു.
ആദ്യഘട്ടത്തിൽ 20 കുരങ്ങൻമാരിലായിരുന്നു പരീക്ഷണം. ഇവയെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് വാക്സിൻ നൽകുകയായിരുന്നു. ഇതിൽ രണ്ടാമത്തെ ഡോസ് നൽകിയപ്പോൾ കോവിഡിനെതിരായ ആൻറിബോഡിയുണ്ടായെന്നാണ് കണ്ടെത്തൽ.
വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നത് കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിന്‍ രാജ്യത്തുടനീളമുള്ള 12 സ്ഥാപനങ്ങളിലാണ് പരീക്ഷിക്കുന്നത്. ആദ്യ ഘട്ട പരിശോധനയുടെ ഫലങ്ങള്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഐസിഎംആര്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേര്‍ന്നാണ് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിക്കുന്നത്.
നേരത്തെ ഓക്സ്ഫോർഡ് യൂനിവേഴ്സിറ്റിയുടെ കോവിഡ് വാക്സിൻ പരീക്ഷണം ഇന്ത്യയിൽ താൽക്കാലികമായി നിർത്തിയിരുന്നു.യു.കെയിൽ നടത്തിയ പരീക്ഷണത്തിൽ ഒരാൾക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷണം നിർത്താൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിക്കുകയായിരുന്നു.