കോഴിക്കോട് : ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ എ.കെ.പി.സി.ടി.എ. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രമുഖ ഇടതുപക്ഷ ചിന്തകൻ പ്രൊ. കെ. ഇ. എൻ മുഖ്യ പ്രഭാഷണം നടത്തി.സംഘപരിവാറിന്റെ സാംസ്കാരിക ദേശീയതയിൽ ഊന്നിയ ഒട്ടും പുരോഗമനപരമോ മാനവീയമോ ആയ പദ്ധതികൾ മുന്നോട്ട് വയ്ക്കാത്ത നയരേഖയാണ് ഈ വിദ്യാഭ്യാസനയം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്കാദമിക സമൂഹം വളരെ ജാഗ്രതയോടെ ഇത്തരം നയങ്ങളെ വിലയിരുത്തണമെന്നും കൂട്ടായ പ്രതിഷേധങ്ങൾ ഉയരണമെന്നും കൂട്ടിച്ചേർത്തു. സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ. ശശിധരൻ, സംസ്ഥാന സെക്രട്ടറി പി. ഹരിദാസ് എന്നിവർ വിഷയത്തെ അധികരിച്ചു സംസാരിച്ചു. മൂലധന ശക്തികൾക്ക് വിദ്യാഭ്യാസരംഗത്ത് കൂടുതൽ ഇടപെടാനുള്ള സാധ്യതകൾ ഇത് മുന്നോട്ട് വെക്കുന്നുവെന്നും, വിദ്യാഭ്യാസത്തിന്റെ ദർശനത്തെ ഈ നയം എപ്രകാരം ഇല്ലാതാക്കുന്നു എന്നതിന്റെ അനുഭവങ്ങളും ഇവർ പങ്കു വെച്ചു. ജില്ലാപ്രസിഡന്റ് ഡോ. ശ്രീജിത്ത്. എം. നായർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാസെക്രെട്ടറി
ഡോ. സുജേഷ്. സി.പി സ്വാഗതവും, ജോയിന്റ് സെക്രട്ടറി മിഥുൻ ഷാ നന്ദിയും പറഞ്ഞു.